കുന്നിക്കോട് : കാര്യറ സർക്കാർ എൽ.പി സ്‌കൂളിന് നേരെ വീണ്ടും സാമൂഹ്യവിരുദ്ധാക്രമണം. രണ്ട് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് സ്‌കൂളിന് നേരെ ആക്രമണം ഉണ്ടാകുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. സ്‌കൂളിൽ അദ്ധ്യയനം കഴിഞ്ഞ് കുട്ടികളും അദ്ധ്യാപകരും പോയതിന് ശേഷമാണ് സംഭവം നടന്നത്. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് മുന്നിലിരുന്ന ചെടിച്ചട്ടികളും മീൻകുളവും നശിപ്പിച്ചു. ഏകദേശം പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടം ഉള്ളതായി പ്രാഥമാദ്ധ്യാപിക പറയുന്നു. സംഭവത്തെ തുടർന്ന് സ്‌കൂൾ അധികൃതർ വിദ്യാഭ്യാസവകുപ്പിനും കുന്നിക്കോട് പൊലീസിനും പരാതി നൽകി. സ്‌കൂളിന് നേരെ തുടർച്ചയായിട്ടാണ് ആക്രമണം ഉണ്ടാകുന്നത്. ഒരു മാസത്തിന് മുൻപും സമാനമായ രീതിയിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മേഖലയിൽ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണ്.സ്‌കൂളിന്റെ സമീപത്തെ വഴികളിൽ രാത്രിയിൽ സംഘം ചേർന്ന് മദ്യപാനവും സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.