ukraine-
യുക്രെയിനിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ ദൃശ്യ അജിത്തും , അഖില സജീവും .

പടിഞ്ഞാറേകല്ലട : യുക്രെയിനിലെ നടുക്കുന്ന ഓർമ്മകളുമായി ദൃശ്യ അജിത്തും അഖില സജീവും കഴിഞ്ഞ ദിവസം രാവിലെ പടിഞ്ഞാറേകല്ലടയിലെ വീടുകളിൽ എത്തി. യുക്രെയിനിൽ സഫ്രേഷ്യാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജിലെ നാലാം വർഷ എം. ബി. ബി. എസ് വിദ്യാർത്ഥിനിയാണ് അഖില സജീവ്. പടിഞ്ഞാറേകല്ലട ഐത്തോട്ടുവ മുരളി മന്ദിരത്തിൽ സജീവിന്റെയും ഉഷയുടെയും മകളാണ്. ഇതേ കോളേജിലെ മൂന്നാം വർഷ എം.ബിബി.എസ് വിദ്യാർത്ഥിനിയായ ദൃശ്യ അജിത്ത് പടിഞ്ഞാറേകല്ലട ഐത്തോട്ടുവ ചാപ്രായിൽ വീട്ടിൽ അജിത് കുമാറിന്റെയും വിജയയുടെയും മകളാണ്.

യുക്രെയിനിൽ നിന്ന് ഫെബ്രുവരി 28 ന് 500 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിൽ ആയിരത്തോളം പേരെ കുത്തിനിറച്ച് ശ്വാസംമുട്ടി യാതനകൾ സഹിച്ചാണ് ഹംഗറിയുടെ അതിർത്തിയായ ചോപ്പിയിൽ ഇവർ എത്തിച്ചേർന്നത്. നാല് മണിക്കൂർ ട്രെയിൻ യാത്രയ്ക്ക് ശേഷം തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽ എത്തി. അവിടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഹംഗറിയുടെ സന്നദ്ധസംഘടനകളും ഭക്ഷണവും താമസ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ഒരു ദിവസം അവിടെ തങ്ങിയ ശേഷം ബുഡാ ഫെസ്റ്റ് എയർപോർട്ടിൽ നിന്ന് കഴിഞ്ഞ 5ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള എയർ ഏഷ്യാ വിമാനത്തിൽ ഡൽഹിയിലെത്തി. തുടർന്ന് രാത്രി 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും എത്തുകയായിരുന്നു.