കുണ്ടറ: നിർമ്മാണം മുടങ്ങിക്കിടന്ന പള്ളിമുക്ക് - മൺറോത്തുരുത്ത് റോഡിന്റെ കുണ്ടറ പളളിമുക്ക് മുതലുള്ള ഭാഗത്തിന്റെ നിർമ്മാണം ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മൈലക്കാട് കണ്ണനല്ലൂർ റോഡ് നിർമ്മാണം പുനരാരംഭിക്കുന്നതിന് ജലഅതോറിട്ടിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കിഫ്ബി ഫണ്ടിൽ നിന്ന് നിർമിക്കുന്ന ഉമയനല്ലൂർ കരിക്കോട് റോഡിന്റെ തടസങ്ങൾ ജല അതോറിട്ടിയും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് പരിഹരിക്കാനും നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു. നോഡൽ ഓഫീസർ ആർ.ബിറ്റി, ബ്രിഡ്ജ് സബ്ഡിവിഷൻ അസി. എക്സി. എൻജിനീയർ ദീപ ഓമനക്കുട്ടൻ, കെ.ആർ.എഫ്.ബി അസി. എക്സി. എൻജിനീയർ നിഷ, മെയിന്റനൻസ് സബ്ഡിവിഷൻ അസി. എക്സി. എൻജിനീയർ ബ്രൂസൺ, പി.ഡബ്ല്യു.ഡി കുണ്ടറ റോഡ്സ് എ. ഇ പി.ഷാജി, കുണ്ടറ ബിൽഡിംഗ് സെക്ഷൻ എ.ഇ.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.