പുനലൂർ:ചുട്ട് പൊള്ളുന്ന ചൂടും കുടിവെള്ളമില്ലായ്മയും കിഴക്കൻ മലയോര മേഖയിലെ ഗ്രാമവാസികളെ വലയ്ക്കുകയാണ്. ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തുകൾക്ക് പുറമെ പുനലൂർ നഗരസഭ പ്രദേശങ്ങളിലെ ജനങ്ങളാണ് കുടി വെള്ളത്തിനായി പരക്കം പായുന്നത്. കല്ലടയാറിന് പുറമെ പോഷക നദികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ, ചാലിയക്കര തുടങ്ങിയ നദികളും വരണ്ടുണങ്ങി. വന മേഖലകളിൽ നിന്നെത്തുന്ന നീർച്ചാലും കുളങ്ങളും ഉണങ്ങിയതോടെയാണ് നദികളിലെ വെള്ളം വറ്റിയത്. ഇത് കാരണം വാട്ടർ അതോറിറ്റിയുടെ ശുദ്ധ ജല വിതരണവും മുടങ്ങുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങളുണ്ട്. ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം മേഖലയായ അമ്പനാട്, നെടുംമ്പാറ, വെഞ്ച്വർ, ആനച്ചാടി, പൂന്തോട്ടം, ഇരുളൻകാട് തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളും കുടി വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
തെന്മല പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, നേതാജി, വെള്ളച്ചാൽ, ഉറുകുന്ന്, ക്ഷേത്രഗിരി തുടങ്ങിയ സ്ഥലങ്ങളിലും നഗരസഭയിലെ ശാസ്താംകോണം, കല്ലാർ, പ്ലാച്ചേരി, വട്ടപ്പട, കേളൻകാവ്, ചെമ്മന്തൂർ, ചാലക്കോട്, വാളക്കോട് തുടങ്ങിയ പ്രദേശങ്ങളിലും വരൾച്ചയാണ്.
പ്രതിഷേധിച്ചിട്ടും പരിഹാരമെത്തിയില്ല
നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളിലും കിലോ മീറ്ററുകൾ സഞ്ചരിച്ച് കാൽ നടയായിട്ടാണ് പലരും വെള്ളം ചുമന്ന് കൊണ്ടുവരുന്നത്. കല്ലാർ വാർഡിൽ വാർഡ് കൗൺസിലർ ഷെമി എസ്.അസീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം എത്തിക്കുമെങ്കിലും ജലക്ഷാമം പരിഹരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ നിന്ന് ആരംഭിക്കുന്ന കനാലുകൾ വഴി വേനൽക്കാല ജല വിതരണം ആരംഭിച്ചത് സമീപവാസികൾക്ക് ആശ്വാസമായി.
വേനൽ മഴയില്ല
കല്ലടയാറ്റിലെ പുനലൂർ പേപ്പർ മിൽ തടയണയുടെ ഉയരം വർദ്ധിപ്പിച്ചെങ്കിലെ വാട്ടർ അതോറിറ്റിയുടെ പമ്പിംഗും ജല വിതരണവും മുടങ്ങാതിരിക്കുകയുള്ളു. തടയണയുടെ ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഈ മാസം തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. മുൻ വർഷങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും ഇത്തവണ കനത്ത ചൂടാണ് പുനലൂരിലും സമീപത്തെ പഞ്ചായത്തുകളിലും. രണ്ട് ദിവസം മുമ്പ് 37.5 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു പുനലൂരിൽ.