
കൊല്ലം: പോളയത്തോട്ടിൽ ശനിയാഴ്ച രാത്രി നടന്ന ഗുണ്ടാ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. പോളയത്തോട് ശ്മശാനത്തിന് പിന്നിലെ റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന സലീം(53, മരുമകൻ മുഹമ്മദ് തസ്ലീം (29), അക്രമി സംഘത്തിലെ യുവാവ് എന്നിവർക്കാണ് വെട്ടേറ്റത്.
രാത്രി 11.30 ഓടെയായിരുന്നു സംഭവം. കുണ്ടറ മാമ്മൂട് നിന്നുള്ള സംഘം രണ്ട് ബൈക്കുകളിലും കാറിലുമായി പോളയത്തോട് ജംഗ്ഷനിൽ കൊട്ടിയത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമെത്തി. ഇതിന് ശേഷം സലീമിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇതിന് ശേഷം സലീമിനെയും ഒപ്പമെത്തിയ തസ്ലീമിനെയും വെട്ടുകയായിരുന്നു. ഇരുവരും ദേഹമാസകലം വെട്ടേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിൽ ആളുമാറിയാണ് അക്രമിസംഘത്തിലെ ഒരാൾക്ക് വെട്ടേറ്റത്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഈസ്റ്റ് പൊലീസ് പറഞ്ഞു.