 
കൊട്ടിയം: യുദ്ധത്തിനെതിരായി സമാധാനം ആഗ്രഹിക്കുന്ന ലോക ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി യുദ്ധവിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു. സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തിയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയും മെഴുകുതിരി തെളിച്ചു പ്രാർത്ഥിച്ചും സമൃദ്ധി അങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഷേധം നാടിനാവേശമായി. എഴുത്തുകാരൻ അപ്പു മുട്ടറ, കവി ഉമയനല്ലൂർ അൻവർഷ , മയ്യനാട് ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് റാഫി തുടങ്ങിയവർ വെള്ളരി പ്രാവുകളെ പറത്തിയും തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തംഗം റാഫി മൈലാപ്പൂർ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തും പ്രതിഷേധപരിപാടികളുടെ ഭാഗമായി. അംഗത്വ കാമ്പയിനിൽ ഇരുപത്തിയഞ്ചോളം പേർ സമൃദ്ധിയുടെ ഭാഗമായി. തുടർന്ന് നടന്ന പൊതു സമ്മേളനം എഴുത്തുകാരൻ അപ്പു മുട്ടറ ഉദ്ഘാടനം ചെയ്തു. റാഫി മൈലാപ്പൂർ അദ്ധ്യക്ഷനായി. മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തി. അൻവർഷ ഉമയനല്ലൂർ യുദ്ധഭീകരതക്കെതിരായ സന്ദേശം അവതരിപ്പിച്ചു. ആർ.രാജീവ് സ്വാഗതവും, സുൽഫി ചെക്കാലയിൽ നന്ദിയും പറഞ്ഞു. സമൃദ്ധി വൈസ് ചെയർമാൻ ആർ.രതീഷ്, ജോയിന്റ് കൺവീനർ നജുമുദീൻ ചാത്തിനാംകുളം, എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ, രാജേന്ദ്രപ്രസാദ്, രെഹ്ന ഷിബു , ശാന്തി കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.