 
ചടയമംഗലം: വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ മേലില വില്ലേജിൽ ചെത്തടി മുറിയിൽ ഷഫീഖ് മൻസിലിൽ സതീഷ് എന്ന് വിളിക്കുന്ന റഫീഖിനെ(41) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തു. നിലമേൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്ന് പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് ഇയാൾ പിടിയിലാകുന്നത്. സ്വർണാഭരണങ്ങൾ, പണം, ലാപ്ടോപ്പ് , മൊബൈൽ ഫോണുകൾ, മൊബൈൽ ചാർജറുകൾ, ഡി.വി.ഡി , ഡി.വി.ആർ , പെൻ ഡ്രൈവ് തുടങ്ങിയ നിരവധി സാധനങ്ങൾ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. വയ്ക്കൽ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചതും കുരിയോട് നിലമേൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയതും ഇയാളാണ്. കൂടാതെ അഞ്ചൽ, ആറ്റിങ്ങൽ, തിരുവനന്തപുരം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പി പി. സുരേഷിന്റെ നേതൃത്വത്തിൽ ചടയമംഗലം എസ്.എച്ച്.ഒ വി.ബിജു, എസ്.ഐമാരായ മോനിഷ് , ജി.പ്രിയ , ഗോപകുമാർ, മനോജ് , സലിം, എ.എസ്.ഐമാരായ അനിൽ കുമാർ, കൃഷ്ണകുമാർ, സി.പി. ഓമാരായ സനൽ , അജീഷ്, ബിനീഷ്, അനസിലാൽ, ജംഷീദ്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.