പത്തനാപുരം : സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടിക്കൂടി വരികയാണ്. ഇത് കാരണം പകൽ 12 മുതൽ 3 വരെ പുറംസ്ഥലങ്ങളിലുള്ള ജോലിയ്‌ക്ക് ഇറങ്ങുന്നതിനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത ചൂട് കാരണം കാർഷികമേഖലയ്ക്കുൾപ്പെടെ കനത്ത നഷ്ടമാണുണ്ടാകുന്നത്. ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു.
യുവാവിന് സൂര്യതാപമേറ്റു
കനത്ത വെയിലിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിന് സൂര്യതാപമേറ്റു. മഞ്ചള്ളൂർ ആദം കോട് അജിത വിലാസത്തിൽ പ്രസാദിനാണ്(39) സൂര്യാഘാതമേറ്റത്. പത്തനാപുരം മാർ ലാസറൽസ് പള്ളിക്ക് സമീപത്തെ വീട്ടിൽ കെട്ടിടത്തിനായി കുഴി എടുക്കുന്നതിനിടെ ഉച്ചയോടെയാണ് ചൂടേറ്റത്. ശരീരത്തിന്റെ തോൾ ഭാഗത്തുൾപ്പടെ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രസാദിനെ ബന്ധുക്കൾ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗവ ആശുപത്രിയിലും എത്തിച്ച് ചികിത്സ തേടി. കുമിളകൾ പൊട്ടി വൃണമായ സ്ഥിതിയിലായി. ചൂടിന്റെ കാഠിന്യം ഏറിയതോടെ ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെ തൊഴിലാളികൾ പണിയെടുക്കുന്നത് വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോഴും മിക്ക സ്ഥലങ്ങളിലും കടുത്ത വെയിലിലാണ് അതിഥി തൊഴിലാളികളുൾപ്പെടെയുളളവരെ കൊണ്ട് പണികൾ ചെയ്യിക്കുന്നത്.
ചൂടിൽ നിന്ന് രക്ഷനേടാം
ദിവസം നാല് ലിറ്ററിലധികം വെള്ളം കുടിക്കുക
പച്ചക്കറികൾ പഴവർഗങ്ങൾ ധാരാളം കഴിക്കുക
ആഹാരത്തിൽ തൈര് മോര് എന്നിവ ഉൾപ്പെടുത്തുക
മദ്യപാനവും പുകവലിയും ഒഴിവാക്കുക
കൂടുതൽ തണുപ്പുള്ളതും എരിവുള്ളതുമായവെള്ളവും ആഹാരവും ഒഴിവാക്കുക
രണ്ടോ മൂന്നോ നേരം കുളിക്കുക
ഇരു ചക്ര വാഹനങ്ങളിലും കാൽനടയായും പകൽ യാത്രകൾ കഴിവതും ഒഴിവാക്കുക
അസ്വസ്ഥതകൾ തോന്നിയാൽ ഡോക്ടറുടെ നിർദ്ദേശം തേടുക.
എച്ച് . ഹനീസ്
മെഡിക്കൽ ഓഫീസർ
ഗവ: ആശുപത്രി . പത്തനാപുരം.