
കൊല്ലം: ജില്ലയിലെ നഗരപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 86000 ഗാർഹിക കണക്ഷൻ കൂടി വേണം. കേന്ദ്ര സർക്കാരിന്റെ അമൃത് -2 പദ്ധതിയുടെ ഭാഗമായാണ് നഗരമേഖലയിൽ ഗാർഹിക കണക്ഷൻ ഇല്ലാത്ത വീടുകളുടെ വിവരങ്ങൾ ശേഖരിച്ചത്. അമൃത് കനിഞ്ഞാൽ ഇത്രയധികം വീടുകളിൽ രണ്ട് വർഷത്തിനുള്ളിൽ ടാപ്പ് കണക്ഷനെത്തും.
കുടിവെള്ള കണക്ഷനുകളിൽ നിലവിലുള്ള വിടവ് പരിഹരിച്ച് എല്ലാവീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ആക്ഷൻ പ്ലാൻ നഗരസഭകളുടെ നേതൃത്വത്തിൽ തയ്യാറാക്കി വരികയാണ്. ഈ പ്ലാനിന്റെ അടിസ്ഥാനത്തിലാകും ഫണ്ട് അനുവദിക്കുക.
എല്ലാ വീടുകളിലും ടാപ്പ് കണക്ഷൻ നൽകിയാലും അവിടങ്ങളിൽ ജലം എത്തിക്കാനുള്ള സ്ത്രോസുകൾ ജില്ലയിലില്ല. അതിന് ആവശ്യമായ തുക അമൃത്-2ൽ നിന്ന് ലഭിക്കുമോയെന്ന കാര്യം സംശയമാണ്. എന്നാൽ ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നത്തിന് വലിയ അളവിൽ പരിഹാരമാകും. ഗ്രാമീണ മേഖലയിൽ ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ എല്ലാ വീടുകളിലും കുടിവെള്ള ടാപ്പ് കണക്ഷൻ ലഭ്യമാക്കി വരികയാണ്.
ഗാർഹിക കണക്ഷനിലെ വിടവ്
നഗരസഭ, നിലവിലുള്ളത്, ഇനി വേണ്ടത്
കൊല്ലം കോർപ്പറേഷൻ: 55000, 55000
കൊട്ടാരക്കര: 1500, 7500
പുനലൂർ: 4152, 10500
പരവൂർ: 6439, 5461
കരുനാഗപ്പള്ളി: 7613, 7500
കോടികളുടെ പദ്ധതികളുമായി നഗരസഭകൾ
കല്ലടയാറിന്റെ തീരത്ത് കുഴൽക്കിണർ നിർമ്മിച്ച് കുടിവെള്ളം വിതരണം ചെയ്യാൻ 160 കോടിയുടെ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കൊട്ടാരക്കര നഗരസഭ. കല്ലടയാറിന്റെ കരയിൽ ചെങ്കുളത്ത് കുഴൽക്കിണറും നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും സഹിതം 180 കോടിയുടെ പദ്ധതിയാണ് പുനലൂർ നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മീനാട് പദ്ധതിയിൽ നിന്ന് കൂടുതൽ ജലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരവൂർ നഗരസഭ.