road
ആർ.ഒ. ബിലെ കുഴി

 പാലങ്ങൾ അടയ്ക്കും, നവീകരണജോലികൾക്ക് നാളെ തുടക്കം

കൊല്ലം: അപകടക്കെണിയായി മാറിയ കൊല്ലം കമ്മിഷണർ ഓഫീസ് റെയിൽവേ ഓവർബ്രിഡ്ജിനും കൊച്ചുപിലാംമൂട് പാലത്തിനും ശാപമോക്ഷമാകുന്നു. നവീകരണ ജോലികൾ നാളെ ആരംഭിക്കും. ഇതിനായി റെയിൽവേ ഓവർബ്രിഡ്ജ് 20 ദിവസത്തേക്കും കൊച്ചുപിലാംമൂട് പാലം രണ്ടാഴ്ചത്തേയ്ക്കും അടച്ചിടും.

പാലത്തിലെ തകർന്ന എക്സ് പാൻഷൻ ജോയിന്റുകളുടെ ബലപ്പെടുത്തലും ഭാഗീകമായ ടാറിംഗ് ജോലികളുമാണ് പൂർത്തിയാക്കുക. ഇരുപാലങ്ങളിലായി ഇളകി മാറിയ അഞ്ച് എക്സ്പാൻഷൻ ജോയിന്റുകളാണ് ബലപ്പെടുത്താനുള്ളത്. കുഴികൾ അടച്ച് ടാറിംഗ് ചെയ്യും. പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ ഇളകി മാറിയതോടെ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ അതുവഴിയുള്ള യാത്രയെ ദുഷ്കരമാക്കിരുന്നു. കൂടാതെ മിറ്റലും ടാറും ഇളകിയും കുഴികൾ രൂപപ്പെട്ടു. യാത്രക്കാർ അനുഭവിക്കുന്ന ദുരിതം 'കേരളകൗമുദി' റിപ്പോർട്ടുകളിലൂടെ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. തുടർന്ന് ജോലികൾക്ക് കരാർ നൽകിയെങ്കിലും നീണ്ടു പോവുകയായിരുന്നു. സ്ളാബുകളിൽ നിന്ന് കോൺക്രീറ്റ് ഇളകിമാറി വലിയ കുഴികൾ രൂപപ്പെടുകയും കമ്പികൾ പുറത്തേക്ക് തള്ളി​ നിൽക്കുകയും ചെയ്തത് പ്രശ്നം രൂക്ഷമാക്കി. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുമ്പ് പാളികൾ വലിയ ശബ്ദത്തോടെ ഇളകി മാറും.വാഹനങ്ങൾ ജോയിന്റുകളിൽ തട്ടി അപകടത്തിൽപ്പെടുന്നതും കേടുപാടുകൾ സംഭവി​ക്കുന്നതും പതിവായിരുന്നു. അടുത്ത കാലത്ത് പുതിയ ഇരുമ്പു പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.

റോഡിൽകുരുങ്ങും

ഗേറ്റിൽ പെടും

പാലങ്ങൾ അടച്ചിടുന്നതോടെ കൊല്ലം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. കളക്ട്രേറ്റ് പരിസരത്തേക്കും ആലപ്പുഴ ഭാഗത്തേക്കുമുള്ള വലിയൊരുഭാഗം വാഹനങ്ങൾ ഇപ്പോൾ കമ്മിഷണർ ഓഫീസ് മേല്പാലം വഴിയാണ് കടന്നുപോകുന്നത്. മേല്പാലം അടയ്ക്കുന്നതോടെ വാഹനങ്ങൾ കൂട്ടത്തോടെ എസ്. എം. പി പാലസ് റെയിൽവേ ഗേറ്റ്, ചിന്നക്കട എന്നിവിടങ്ങൾ വഴിയാണ് തിരിച്ചുവിടുന്നത്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും.

ബീച്ചിലേക്കും പളളിത്തോട്ടത്തേക്കുമുളള വാഹനങ്ങൾ തീരദേശ റോഡു വഴിയും പണ്ടകശാല പാലം വഴിയും പോകണമെന്നാണ് പൊലീസ് നിർദ്ദേശം. കപ്പലണ്ടി മുക്ക്, മുണ്ടയ്ക്കൽ റോഡുകൾ വഴിയും വഴിയും ബീച്ചിലെത്താം. കൊട്ടിയം ഭാഗത്തേക്കുളള സ്വകാര്യ ബസുകൾ എസ്.എം.പിപാലസ് വഴി പോകണം. ഈ റോഡുകളിലെല്ലാം റെയിൽവേ ഗേറ്റുകളുള്ളതിനാൽ സഞ്ചാരം അത്ര സുഗമമായിരിക്കില്ല. നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടാൽ ദുരിതകാലവും നീളും.