 
കരുനാഗപ്പള്ളി: ബോംബർ വിമാനങ്ങളുടെ ഇരമ്പവും വെടിയൊച്ചയും അഫ്ദൽ റസലിന്റെ മനസിൽ ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. യുക്രെയിനിലെ യുദ്ധ ഭൂമിയിൽ നിന്ന് ജീവനോടെഅഫ്ദൽ റസൽ നാട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. യുക്രെയിൽ സാപ്രേഷ്യ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 5-ാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് അഫ്ദൽ . മരണത്തെ മുന്നിൽ കണ്ട 6 ദിവസം ഭക്ഷണവും വെള്ളവും ഇല്ലാതെ ബങ്കറിൽ കഴിച്ച് കൂട്ടിയതെല്ലാം ഓർത്തെടുത്തു. ബങ്കറിൽ 80 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. രാവിലെ 8 മണി മുതൽ 10 വരെ പുറത്ത് സാധനങ്ങൾ വാങ്ങാനായി ഇറങ്ങാം. കടകളുടെ മുന്നിൽ നീണ്ട ക്യൂ ആയതിനാൽ നിരാശരായി ബങ്കറിലേക്ക് തന്നെ മടങ്ങും. പുറം ലോകവുമായി ബന്ധപ്പെടാനുള്ള അവസരമില്ല. രാത്രിയിൽ പ്രകാശത്തിന്റെ ഒരു മിന്നായം പോലും കാണാൻ കഴിയില്ല. ബോംബുകൾ സമീപത്ത് വീണ് പൊട്ടുന്നതിന്റെ ശബ്ദവും ഒപ്പം ബങ്കറുകൾ കുലുങ്ങുന്നതിന്റെ ഭയവും കൊണ്ട് നേരം വെളുപ്പിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി അധികൃതരാണ് ട്രെയിൻ മാർഗം യുക്രെയിന്റെ അതിർത്തിയായ ചോപ്പിൽ എത്തിച്ചത്. അവിടെ നിന്നി മറ്റൊരു ട്രെയിനിൽ 20 മിനിറ്റ് യാത്ര ചെയ്ത് ഹംഗറിയുടെ അതിർത്തിയായ സഹോതിയിൽ എത്തിയപ്പോഴാണ് സുരക്ഷിതരായെന്ന ബോധം ഉണ്ടായത്. അവിടെ നിന്ന് 7 മണിക്കൂർ യാത്ര ചെയ്താണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാഫെസ്റ്റിൽ എത്തിയത്. അവിടെ വെച്ച് ഇന്ത്യൻ എം.ബസി ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ചേർന്ന് ഞങ്ങളെ സ്വീകരിച്ച് ഭക്ഷണവും താമസ സൗകര്യവും നൽകി. 3 ദിവസം കഴിഞ്ഞ് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിൽ ഡൽഹിയിൽ എത്തി. ഇന്നലെ പുലർച്ചെ 1.30ന് നെടുമ്പാശ്ശേരിയിലും എത്തി.