
കൊല്ലം: കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാകമ്മറ്റി നേതൃത്വത്തിൽ ചിന്നക്കടയിൽ ധർണ്ണ നടത്തി. തുല്യജോലിക്ക് തുല്യവേതനം നൽകുക, എല്ലാ അംഗീകൃത റേഷൻ വിതരണക്കാരനും
30,000 രൂപ മിനിമം വേതനം നൽകുക, സെയിൽസ്മാന് സർക്കാർ വേതനം നൽകുക,റേഷൻ വിതരണ ജീവനക്കാരെ ഇ.പി.എഫ്, ഇ.എസ്. ഐ, മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, കൊവിഡ് ബാധിച്ച് മരിച്ച റേഷൻ ലൈസൻസികൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുസമരം.
യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി പ്രിയൻ കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ്.സജിത്, സെക്രട്ടറി ടി.സജീവ്, ജില്ലാ ഭാരവാഹികളായ എ.ഷെരീഫ്, സി.എസ്.ചന്ദ്രൻ പിള്ള, എസ്.സുമ, പി.സുധാകരൻ എന്നിവർ സംസാരിച്ചു.