
കൊല്ലം: ബന്ധുവായ യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചതിലുള്ള വിരോധത്താൽ ആറുപേർ ചേർന്ന് മാരകായുധങ്ങളുമായി യുവാവിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ തമിഴ്‌നാട്ടിലെ കുറ്റാലത്ത് നിന്ന് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദനത്തോപ്പ് മാമൂട് റഹ്മത്ത് മൻസിലിൽ അൻസർ (37)ആണ് പിടിയിലായത്. ഫെബ്രുവരി 5ന് രാത്രിയിൽ കൊല്ലം ഉദയമാർത്താണ്ഡപുരം എഫ്.എഫ്.ആർ.എ 94ൽ മുഹമ്മദ് തസ്ലീക്കിനാണ് ആണ് ഗുരുതരമായി പരിക്കേറ്റത്. കാര്യം സംസാരിക്കാനെന്ന വ്യാജേന വീട്ടന് പുറത്തേക്ക് വിളിച്ചു വരുത്തി പോളയത്തോട് മാർക്കറ്റിന് സമീപമുള്ള റോഡിൽ വച്ച് ജീപ്പ് കൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ഒഴിഞ്ഞുമാറിയതിനെ തുടർന്ന് കമ്പിവടി കൊണ്ട് സലീമിന്റെ കാലിൽ അടിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ കഴുത്തിന് പിൻവശം വടിവാൾ കൊണ്ട്‌വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തറയിൽവീണ തസ്ലീക്കിന്റെ നെറ്റിയിലും ഇടതുകൈയിലും ഇടതുകാൽമുട്ടിലും വെട്ടുകയും ചെയ്‌തു. തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ആർ. രതീഷ്, എസ്.സി.പി.ഒ ബിനു, സി.പി.ഒമാരായ രാജഗോപാൽ, സുനേഷ്, ഷെഫീക്, സനോജ്, അനു ആർ. നായർ , അർഷാദ് എന്നിവരാണ് പിടികൂടിയത്.