കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെ പോക്‌സോ പ്രകാരം വ്യത്യസ്ത കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയ തേവലക്കര കൂഴംകുളം കോമളത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ നിന്ന് പാലക്കൽ മല്ലാംകുന്നേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ താമസിക്കുന്ന ഷെമീർ (25), മൊബൈൽ ഫോൺ വാങ്ങി നൽകിയശേഷം അശ്ലീല ഫോട്ടോകൾ അയച്ചുകൊടുത്തും ചാറ്റ്ചെയ്തും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിച്ച കൊല്ലം കളീക്കൽ കടപ്പുറത്ത് അൻസാരി മകൻ സാദിക്കിനെയുമാണ് (35) അറസ്റ്റ് ചെയ്തത്.
27ന് രാത്രി 11.30ഓടെയെത്തി ഷെമീർ പീഡിപ്പിച്ചതിനെ തുടർന്ന് സ്‌കൂളിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യതിയാനം ശ്രദ്ധയിൽപ്പെട്ട സ്‌കൂളധികൃതർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് നടത്തിയ കൗൺസലിംഗിലാണ് ലൈംഗികാതിക്രമത്തിനിരയായെന്ന് അറിഞ്ഞത്. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിർദ്ദേശാനുസരണം തെക്കുംഭാഗംഇൻസ്‌പെക്ടർ ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുജാതൻ പിള്ള, എ.എസ്.ഐമാരായ അജയൻ, രാജേഷ്, സി.പി.ഒമാരായ അനീഷ്, ഷീജ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.
ഡിസംബർ 12ന് അതിക്രമത്തിന് ഇരയായായ പെൺകുട്ടി കിളികൊല്ലൂർ പൊലീസിൽ പരാതി നൽകുകയും ഇരവിപുരം പൊലീസിന് കൈമാറുകയും ചെയ്‌തു. തമിഴ്‌നാട്ടിലേക്ക് കടന്ന സാദിക്കിനെ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.സി.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം ഇൻസ്‌പെക്ടർ അനിൽകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ജയേഷ്, സുനിൽകുമാർ എസ്.സി.പി.ഒ ശിഹാബ് , സി.പി.ഒ ജിജു ജലാൽ എന്നിവർ തമിഴ്‌നാട്ടിലെ കടലൂരിൽ നിന്ന് പിടികൂടുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.