photo
കണ്ണംമ്പള്ളി ക്ഷേത്രത്തിന് കിഴക്ക് വശം റോഡ് വക്കിൽ ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണുമായി ബന്ധപ്പെടുന്ന പ്രധാന റോഡുകളുടെ ഇരു വശങ്ങളും കണ്ടാൽ മാലിന്യ കേന്ദ്രമാണെന്നേ തോന്നൂ. ടൗണിൽ പ്രവർത്തിക്കുന്ന കടകളിലെ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണന്ന നഗരസഭയുടെ ഉറച്ച നിലപാടിനെ തുടർന്നാണ് രാത്രിയുടെ മറയിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഉൾപ്രദേശങ്ങളിലെ റോഡിന്റെ വശങ്ങളിൽ തള്ളുന്നത്. കരോട്ട് ജംഗ്ഷൻ - കോഴിക്കോട് പുത്തൻ ചന്ത റോഡിന്റെ വശങ്ങൾ പൂർണമായും മാലിന്യകേന്ദ്രമായി.

നഗരത്തിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക്

കടകളിലെ ഇറച്ചി വേസ്റ്റ് ഉൾപ്പെടെയാണ് റോഡ് വക്കിൽ തള്ളുന്നത്. കരുനാഗപ്പള്ളി ടൗണിനെ മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചത്. ഇതോടെ ടൗണിലെ മാലിന്യ നിക്ഷേപത്തിന് കുറവ് വന്നു. ദിനംപ്രതി 10 ടണ്ണോളം മാലിന്യം സംഭരിച്ചിരുന്ന ടൗണിൽ പദ്ധതി കർക്കശമായി നടപ്പാക്കിയതോടെ മാലിന്യ നിക്ഷേപത്തിന്റെ അളവ് കുറഞ്ഞു. എന്നാൽ കടകളിലെ മാലിന്യങ്ങൾ ഉൾപ്രദേശങ്ങളിലെ റോഡുകളിൽ തള്ളുന്നത് തുടങ്ങി. രാത്രിയിൽ വലിയ ചാക്കു കെട്ടുകളിലാണ് മാലിന്യം റോഡിൽ തള്ളുന്നത്.

തെരുവ് നായ്ക്കൾ കൂട്ടത്തോടെ

ഇരു ചക്ര വാഹനയാത്രികർക്ക് ചാക്ക് കെട്ടുകളിൽ തട്ടി അപകടം പറ്റുന്നത് പതിവാണ്. കൂടാതെ മാലന്യം തേടിയെത്തുന്ന തെരുവ് നായ്ക്കളും കൂട്ടത്തോടെ റോഡുകളിൽ എത്തുന്നത് യാത്രകാർക്ക് ഭീഷണിയാകുന്നു. പ്രഭാത യാത്രക്ക് ഇറങ്ങുന്നവരുടെ നേർക്കാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമണവുമായി എത്തുന്നത്. ഇക്കാരണത്താൽ പ്രഭാത യാത്ര തന്നെ മുടക്കിയവർ നിരവധിയാണ്.

സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം

ചാക്ക് കെട്ടിൽ നിന്ന് ഇറച്ചി മാലിന്യം കാക്കൾ കൊത്തി വലിച്ച് കിണറുകളിലും കുളങ്ങളിലും ഇടുന്നത് നാട്ടുകാർക്ക് വിനയാകുന്നു. ഈവിധം മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ഹോട്ടലുകാർക്ക് തുണയാകുന്നത്. മാലിന്യം രാത്രിൽ കൊണ്ട് കളയുന്നതിനായി പ്രത്യേക ഏജൻസികൾ തന്നെ ഉണ്ടെന്നാണ് പറയുന്നത്. പ്രധാന ജംഗ്ഷനുകളിലോ റോഡിന്റെ വശങ്ങളിലോ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.