കുണ്ടറ: കഴിഞ്ഞ ദിവസം കേരളപുരത്ത് രണ്ടാം പാപ്പാനെ ആന ചവിട്ടിയത് ഒന്നാം പാപ്പാൻ ക്രൂരമായി മർദ്ദിച്ചതിന്റെ പ്രതികാരത്തിൽ. പാപ്പാൻ ആനയെ മർദ്ദിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരത്തുനിന്ന് പെരുമ്പുഴയ്ക്ക് തിരിയുന്ന റോഡിന് സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ആനയുടെ ചങ്ങലയിൽ നിന്ന് താഴേക്ക് വീണ സഞ്ചി എടുക്കാൻ രണ്ടാം പാപ്പൻ താഴേക്ക് ഇറങ്ങുമ്പോൾ ഒന്നാം പാപ്പാൻ ആനയെ അടിച്ചു. ഇതിൽ പ്രകോതിനായ ആന രണ്ടാം പാപ്പാനെ ചവിട്ടിയെറിഞ്ഞു. ദേഷ്യമടങ്ങാഞ്ഞ് തുമ്പിക്കൈ കൊണ്ട് തൂക്കിയെടുക്കാനും ശ്രമിച്ചു. നടക്കാതെ വന്നതോടെ മുന്നിലെ വലത് കാൽ കൊണ്ട് വീണ്ടും ചവിട്ടി. സാരമായി പരിക്കേറ്റ രണ്ടാം പാപ്പാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മോഴ ആന ആയതിനാലാണ് കുത്തിൽ നിന്ന് പാപ്പാൻ രക്ഷപ്പെട്ടത്. സംഭവത്തിന് മുമ്പ് ആനയെ ഒന്നാം പാപ്പാൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തിവന്നിരുന്നു.