
ശാസ്താംകോട്ട: കല്ലടയാറ്റിൽ ചാടിയ വീട്ടമ്മയെ 12 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഫയർഫോഴ്സ് അത്ഭുതകരമായി രക്ഷപ്പെടുത്തി. പടിഞ്ഞാറെ കല്ലട പെരുവേലിക്കര കോയിക്കൽ ഭാഗം ബിന്ദു ഭവനത്തിൽ മനോജിന്റെ ഭാര്യ ബിന്ദുവിനെയാണ് ശാസ്താംകോട്ട ഫയർഫോഴ്സും ജില്ലാ സ്കൂബാ ടീമും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്.
തിരുവാറ്റ ക്ഷേത്രത്തിന് സമീപം ഞയാറാഴ്ച പുലർച്ചെ കല്ലടയാറ്റിൽ വീട്ടമ്മ വീണെന്ന ശാസ്താംകോട്ട പൊലീസിന്റെ അറിയിപ്പിനെ തുടർന്നാണ് ശാസ്താംകോട്ടയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും ജില്ലാ സ്കൂബാ ടീമും സ്ഥലത്തെത്തിയത്. രാവിലെ മുതൽ രണ്ട് ഡിങ്കികളുടെ സഹായത്തോടെ കല്ലടയാറ്റിലെ തിരുവാതിര ഭാഗത്ത് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് 4 ഓടെ വീണുവെന്ന് സംശയിക്കുന്ന ഭാഗത്തുനിന്ന് 400 മീറ്റർ അകലെ കാടുമൂടിയ ആറിന്റെ ഭാഗത്ത് തല മാത്രം ഉയർന്നു നിൽക്കുന്ന നിലയിൽ വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന വീട്ടമ്മയുടെ കൺപോളകൾ ചിമ്മുന്നത് കണ്ട് ജീവനക്കാർ ഉടനടി സി.പി.ആർ നൽകി ശ്വാസം വീണ്ടെടുത്തു. ഇതിന് ശേഷം ഫയർഫോഴ്സ് വാഹനത്തിൽ കയറ്റി വീണ്ടും തുടർച്ചയായി സി.പി.ആർ നൽകി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ശാസ്താംകോട്ട സ്റ്റേഷൻ ഓഫീസർ പി.എസ്. സാബു ലാൽ, സീനിയർ ഫയർ ഓഫീസർ ബാബു അനീഫ ജില്ലാ സ്കൂബ ടീം അംഗങ്ങളായ രതീഷ്, ജൂബിൻ, വിജേഷ്, ഹരി രാജ്, സുരേഷ്, ജിതിൻ, ശരത്, അജിത്ത്.ശാസ്താംകോട്ട ഫയർഫോഴ്സ് ജീവനക്കാരനായ ഹരിലാൽ, ഹരിപ്രസാദ്, അഭിലാഷ്, സിയാദ്, ജോസഫ് ബാബു, ഉണ്ണികൃഷ്ണൻ, ഷിജു ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.