കൊല്ലം: പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടപ്പോഴാണ് ഉറ്റ സഹൃത്തിനെ കൊലപ്പെടുത്തുവാൻ ഷൈൻ തങ്കച്ചൻ(ഷിബു-41) തയ്യാറായത്. കൊട്ടാരക്കര മൈലം അന്തമൺ കളപ്പില അമൃതാലയത്തിൽ അനിൽകുമാറിന്റെ(41) അരുംകൊലയ്ക്ക് പിന്നിലെ കഥകൾ നാടറിഞ്ഞത് ഇപ്പോഴാണ്.
അനിൽകുമാർ ഒറ്റയ്ക്കാണ് താമസമെങ്കിലും സന്ധ്യമയങ്ങിയാൽ കൂട്ടുകാരുടെ ബഹളമാണ്. ചില ദിവസങ്ങളിൽ പകലും മദ്യക്കുപ്പികളുമായി ആളുകളെത്തും. ചിലപ്പോൾ ചില്ലറ വഴക്കുകളും അസഭ്യം വിളികളും ഉണ്ടാകാറുണ്ട്. അടുത്തിടെ അനിൽകുമാറിന്റെ വസ്തു വിറ്റതിന്റെ അഡ്വാൻസ് തുക വാങ്ങിയത് വീട്ടിൽ സൂക്ഷിച്ചിരുന്നത് കാണാതെയായി.  പുത്തൂർമുക്ക് ഷിബു ഭവനത്തിൽ ഷിബുവെന്ന് വിളിക്കുന്ന ഷൈൻ തങ്കച്ചനെ അനിൽകുമാർ സംശയിച്ചു.
പിന്നീട് അത് ഉറപ്പിക്കുകയും ചെയ്തു. ഷൈൻ തങ്കച്ചനോട് മോഷ്ടിച്ച പണം തിരികെ ചോദിച്ചെങ്കിലും അത് കൊടുക്കാൻ അയാൾ തയ്യാറായില്ല. പണം മോഷ്ടിച്ച വിവരം അനിൽകുമാർ മറ്റ് പലരോടും പറഞ്ഞു.
ഈ മാസം ഒന്നിന് രാത്രി 9ന് ഷൈൻ തങ്കച്ചൻ മദ്യ ലഹരിയിൽ അനിൽകുമാറിന്റെ വീട്ട് പരിസരത്തെത്തി. അയൽവീട്ടിലിരുന്ന് മദ്യപിച്ചശേഷം സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന അനിൽകുമാറിനെ പിന്നിലൂടെയെത്തി ആക്രമിച്ചു. കൈവശം കരുതിയിരുന്ന വിറക് കഷണം കൊണ്ട് അനിൽകുമാറിന്റെ തലയ്ക്ക് അടിച്ചു.
മറ്റാരുടെയും കണ്ണിൽപ്പെടാതെ ഷൈൻ തങ്കച്ചൻ ഓടിമറഞ്ഞു. തലയ്ക്കും നെറ്റിയ്ക്കും മുതുകിനും മുറിവേറ്റ അനിൽകുമാർ അത് വകവയ്ക്കാതെ വീട്ടിലെത്തി കതകടച്ച് കിടന്നു. രക്തം വാർന്നൊലിച്ച് മരിച്ചു. രണ്ട് ദിവസം കഴിഞ്ഞ് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. 
മരണം കൊലപാതകമെന്ന സൂചന ലഭിച്ചപ്പോൾ മുതൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി. 
ഇരുപത് പേരെ ചോദ്യം ചെയ്തതിൽ നിന്ന് ഷൈൻ തങ്കച്ചനിലേക്കുള്ള സംശയങ്ങൾക്ക് ബലംവച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അരുംകൊലയുടെ വിവരങ്ങൾ പുറത്തുവന്നത്.