photo
പവിത്രേശ്വരം- കുഴയ്ക്കാട് റോഡ്

കൊട്ടാരക്കര: പവിത്രേശ്വരം- കുഴയ്ക്കാട് റോഡിന്റെ ഗതികേട് മാറിയില്ല. തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങൾ പതിവാണ്. ഈ ദുരിതത്തിന് എന്ന് അറുതിയുണ്ടാകുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ല. പവിത്രേശ്വരം ജംഗ്ഷനിൽ നിന്ന് പുത്തൂർ- മാറനാട് റോഡിലെ കുഴയ്ക്കാട് ഭാഗത്ത് എത്തിച്ചേരുന്ന റോഡിനാണ് ഏറെക്കാലമായി ഈ ദുർഗതി. മിക്കയിടത്തും റോഡിൽ ടാറിംഗിന്റെ പൊടിപോലുമില്ലാത്ത സ്ഥിതിയാണ്. മെറ്റലുകൾ ഇളകിത്തെറിച്ചത് അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. പവിത്രേശ്വരം ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന ഇരുന്നൂറ് മീറ്റർ ഭാഗത്ത് കൂടുതൽ ദുരിതമാണ്. ഇവിടെ റോഡിന്റെ നവീകരണ ജോലികൾക്ക് ഒരു വർഷം മുൻപ് തുടക്കമിട്ടിരുന്നു. മണ്ണിട്ട് റോഡ് ഉയർത്തി. എന്നാൽ ശേഷിച്ച നിർമ്മാണ ജോലികൾ മുടങ്ങിയതോടെ ചെറിയ കല്ലുകൾ റോഡിൽ നിറഞ്ഞു. ഇത് ഇളകിത്തെറിച്ചതിനാൽ കാൽനട യാത്രപോലും പ്രയാസമായി.

അധികൃതർ മറന്ന റോഡ്

ഇരുചക്ര വാഹനങ്ങൾ മിക്കദിവസവും ഇവിടെ അപകടത്തിൽപെടാറുണ്ട്. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാറില്ല. അടിയന്തര ഘട്ടങ്ങളിൽപോലും വാഹനങ്ങൾ ലഭിക്കാതെ നാട്ടുകാർ വിഷമിക്കുകയാണ്. റോഡിന്റെ തുടക്കഭാഗത്തെ ദുരിതാവസ്ഥയ്ക്കെങ്കിലും മാറ്റമുണ്ടാക്കണമെന്നാണ് പൊതു ആവശ്യം. നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്നതാണ് റോഡ്. പവിത്രേശ്വരം പഞ്ചായത്ത് പ്രദേശവുമായി ബന്ധപ്പെടുന്ന റോഡിനെ അധികൃതർ തീർത്തും മറന്നമട്ടാണ്. വരുന്ന മഴക്കാലത്തിന് മുൻപായി അടിയന്തിര അറ്റകുറ്റപ്പണികളെങ്കിലും നടത്തിയില്ലെങ്കിൽ കൂടുതൽ ദുരിതമാകും.

" എന്നും അപകടങ്ങളുണ്ടാകുന്ന റോഡായി ഇത് മാറി. സാഹസികമായിട്ടാണ് വാഹനമോടിക്കേണ്ടത്. രാത്രികാലങ്ങളിൽ ഇതുവഴി വന്നാൽ അപകടം ഉറപ്പ്. കല്ലുകൾ ഇളകിത്തെറിക്കുകയാണ്. ഈ ഗതികേടിന് മാറ്റമുണ്ടാകണം."- നാട്ടുകാർ