അടൂർ : ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് അഭയമേകി സ്നേഹവും പരിചരണവും നൽകുകയാണ് അടൂർ മഹാത്മ ജനസേവന കേന്ദ്രം സെക്രട്ടറി പ്രീഷിൽഡ. പത്തുവയസുകാരനും നൂറുകടന്ന മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും കരുതലും കൈത്താങ്ങുമാണ് ഇൗ നാൽപ്പതുകാരി.
നാനൂറോളം അന്തേവാസികൾക്കും നൂറ്റിനാൽപ്പതിൽപ്പരം പ്രവർത്തകർക്കും ആശ്വാസമാണ് പ്രീഷിൽഡ.
കൊല്ലം ഈസ്റ്റ് കല്ലട മുട്ടം ജോണിവിലാസത്തിൽ ആന്റണിയുടെയും സ്റ്റാൻസിയുടെയും മകളാണ് പ്രീഷിൽഡ. ഒറ്റപ്പെട്ടവരുടെ സഹായിക്കുന്ന പ്രവർത്തനത്തിനിടയിലാണ് അതേപാതയിൽ സഞ്ചരിച്ച ജീവകാരുണ്യ പ്രവർത്തകനായ രാജേഷ് തിരുവല്ലയെ പരിചയപ്പെടുന്നത്. ഒരേ ലക്ഷ്യവും ആശയവും പിന്തുടരുന്ന പ്രീഷിൽഡയും രാജേഷ് തിരുവല്ലയും ജീവിതത്തിൽ ഒരുമിച്ചായി. അങ്ങനെ മഹാത്മാ ജനസേവന കേന്ദ്രം എന്ന പ്രസ്ഥാനം ഉണ്ടായി. പുഴുവരിച്ചവർ, കിടപ്പുരോഗികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവരുടെ ചികിത്സ, സംരക്ഷണം, അവരുടെ കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടുന്നു.
അമ്മയായും സഹോദരിയായും മകളായും മഹാത്മയിൽ സേവന സന്നദ്ധയാകുമ്പോൾ പിന്തുണയാകുന്നത് മക്കളായ ബി.ഡി.എസ് മൂന്നാംവർഷ വിദ്യാർത്ഥി അക്ഷയ് രാജും സി. എം. എ ഫൈനൽ ഇയർ വിദ്യാർത്ഥി അക്ഷരരാജും എട്ടാം ക്‌ളാസ് വിദ്യാർത്ഥികളായ അദ്വൈതും അവന്തികയുമാണ്.