file

 കെട്ടിക്കിടക്കുന്ന അപേക്ഷകൾ: 30,​000

കൊല്ലം: മന്ത്രി ഇടപെട്ടിട്ടും പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ പരിശോധിച്ച് വിതരണത്തിനുള്ള നടപടി സ്വീകരിക്കാതെ പട്ടികജാതി വികസന വകുപ്പ്.

ജില്ലയിൽ മാത്രം മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കാനുള്ളത്. ഇനിയും വൈകിയാൽ ഫണ്ട് ലാപ്സാകാനുള്ള സാദ്ധ്യതയുണ്ട്. ഒ.ബി.സി, എസ്.ഇ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളുടെ സ്കോളർഷിപ്പ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

പിന്നാക്ക വികസന വകുപ്പാണ് പ്ലസ് ടു മുതൽ മുകളിലേക്കുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് സ്കോളർഷിപ്പ് നൽകുന്നത്. ഈ വകുപ്പിന് ആവശ്യത്തിന് ഓഫീസുകളും ജീവനക്കാരും ഇല്ലാത്തതിനാൽ പട്ടികജാതി വികസന വകുപ്പിന്റെ ജില്ലാ ഓഫീസുകളാണ് വർഷങ്ങളായി അപേക്ഷകൾ ഓൺലൈനായി പരിശോധിക്കുന്നത്. എന്നാൽ അടുത്തിടെ കൊല്ലത്തും പാലക്കാടും പിന്നാക്ക വികസന വകുപ്പിന് പുതിയ ഓഫീസ് അനുവദിച്ചു. ഇതോടെ മറ്റ് പിന്നാക്ക വിഭാഗക്കാരുടെ സ്കോളർഷിപ്പ് അപേക്ഷ പരിശോധിക്കാൻ തങ്ങൾ തയ്യാറല്ലെന്ന നിലപാട് പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുകയായിരുന്നു.

ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ മന്ത്രി ഇടപെട്ടു. പഴയപടി പട്ടികജാതി വകുപ്പ് തന്നെ അപേക്ഷ പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ട് രണ്ട് മാസത്തിലേറെയായി. പക്ഷെ ജില്ലയിലെ ഒരു വിദ്യാർത്ഥിയുടെ അപേക്ഷ പോലും ഇതുവരെ പരിശോധിച്ചിട്ടില്ല.

ലോഗിൻ പിന്നാക്ക വികസന

വകുപ്പിന്റെ പേരിൽ

ഓൺലൈനായി ലഭിച്ച പിന്നാക്കക്കാരുടെ സ്കോളർഷിപ്പിനുള്ള അപേക്ഷ പരിശോധിക്കാനുള്ള ലോഗിൻ പട്ടികജാതി വികസന വകുപ്പ് ഇടപെട്ട് നേരത്തെ പിന്നാക്ക വികസന വകുപ്പിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഇടപെട്ടത്. പക്ഷെ ഇപ്പോഴും അപേക്ഷ പരിശോധിക്കാനുള്ള ലോഗിൻ പിന്നാക്ക വികസന വകുപ്പിന്റെ പേരിലാണ്. വെബ്സൈറ്റിന്റെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സി.ഡിറ്റിനോട് ലോഗിൻ മാറ്റി നൽകാൻ പട്ടികജാതി വികസന വകുപ്പ് ഇതുവരെ നിർദ്ദേശിച്ചിട്ടില്ല.

സ്കോളർഷിപ്പ് തുക (പ്രതിവർഷം)

എസ്.ഇ.ബി.സി, ഒ.ബി.സി- ഹയർസെക്കൻഡറി ₹1600

ഡിഗ്രി ₹ 1600

പി.ജി, പ്രൊഫഷണൽ കോഴ്സ് ₹ 4000

ഹോസ്റ്റൽ ഫീസ് ₹ 5000

ലംപ്സം ഗ്രാന്റ് ₹ 1000

ഒ.ഇ.സി - ഹയർസെക്കൻഡറി, ഡിഗ്രി ₹ 8000

ലംപ്സം ഗ്രാന്റ് ₹ 1400

പി.ജി ₹ 8000

ലംപ്സം ഗ്രാന്റ് ₹ 1900

പ്രൊഫഷണൽ കോഴ്സ് ₹ 8000

ഹോസ്റ്റൽ ഫീസ് ₹ 5000

ലംപ്സം ഗ്രാന്റ് ₹1400 - 3800