
കൊല്ലം: ഏതു സ്വപ്നവും ഉൾക്കരുത്തുണ്ടെങ്കിൽ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്ത് പറഞ്ഞു. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ഉദ്ഘാടനം കൊല്ലം പ്രസ് ക്ലബ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പരിഷ്കരണത്തിനുള്ള ശക്തമായ മാദ്ധ്യമമാണ് സിനിമ. റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നത് ഒരുപക്ഷെ ലോകത്തുതന്നെ ആദ്യത്തെ ആശയമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രാമീണമേഖലയിൽ നിന്ന് പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി അഭിനയരംഗത്തും സാങ്കേതികപ്രവർത്തന മേഖലയിലുമൊക്കെ സംഭാവന ചെയ്യുന്ന ഗാന്ധിഭവന്റെ പുത്തൻ കാൽവയ്‌പ്പിന് ചലച്ചിത്ര അക്കാഡമിയുടെ പിന്തുണയുണ്ടാകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
കെ.പി.എ.സി ലളിതയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറിയും ഗാർഫി രക്ഷാധികാരിയുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ ഫിലിം സൊസൈറ്റി ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണനും ലോഗോ പ്രകാശനം ചലച്ചിത്ര സംവിധായകൻ ആർ. ശരത്തും ഗാർഫിയുടെ ഒരു വർഷത്തെ പദ്ധതികളുടെ പ്രകാശനം ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രനും നിർവഹിച്ചു. ഡോ. റിജി.ജി. നായർ, ഗാർഫി ചെയർമാൻ പി.എസ്. അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശേരി എന്നിവർ സംസാരിച്ചു.