കൊല്ലം : വനിതാദിനത്തോടനുബന്ധിച്ച് വീട്ടമ്മമാർക്ക് അധിക വരുമാനം നൽകുന്ന പത്തു പദ്ധതികളുമായി മൃഗസംരക്ഷണ വകുപ്പ്. മുഖത്തല ബ്ളോക്ക് പഞ്ചായത്തും വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയിലാണ് പദ്ധതികൾ അവതരിപ്പിച്ചത്.
മുട്ടക്കോഴിയിലെ പൂവൻമാരെ ഉപയോഗിച്ചുള്ള റെഡി- ടു ബ്രോയ്ലർ സംരംഭങ്ങൾ, ഇറച്ചിക്കോഴി വളർത്തി തിരിച്ചെടുക്കുന്ന ഇന്റഗ്രേഷൻ പദ്ധതി,തടാകം വേണ്ടാത്ത താറാവ് വളർത്തൽ,ബ്രോയ്ലർ കാട സംരംഭങ്ങൾ,ആദായമാകുന്ന അരുമപ്പക്ഷികൾ,വർണ്ണമത്സ്യങ്ങളുടെ പ്രജനനം, ബ്രോയ്ലർ ആട് വളർത്തൽ, നായ്ക്കൾ, അലങ്കാരപ്പൂച്ച വളർത്തൽ എന്നിങ്ങനെ ക്ലേശ രഹിതമായ വീട്ടുമുറ്റ സംരംഭങ്ങൾ എന്നിവ ശില്പശാലയിൽ അണിനിരത്തി. മുഖത്തല ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശില്പശാലയിൽ 125 ഓളം കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ പങ്കെടുത്തു. വനിതാസംഗമത്തിൽ പ്രസിഡണ്ട് ബി.യശോദ അദ്ധ്യക്ഷയായി. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. എം.നൗഷാദ് എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി. മൃഗ സംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കമാർ വിഷയം അവതരിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ അദ്ധ്യക്ഷയായിരുന്നു. ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജി കല്ലുങ്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എച്ച്.ഹുസൈൻ, സുശീല, ജിഷ അനിൽ,എം.സജീവ്, ഫൈസൽ കുളപ്പാടം,ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു.