 
തഴവ: വനിതാ ദിനാചരണത്തിന്റെ ഭാഗമായി തഴവ പാർത്ഥസാരഥി പോറ്റി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ തഴപ്പായ് നെയ്ത്ത് ജീവിതവ്രതമാക്കി മാറ്റിയ കുതിരപ്പന്തി കണ്ണങ്കരത്തറയിൽ ശങ്കരിഅമ്മയെ(82) ആദരിച്ചു . 96-ൽ ജനകീയാസൂത്രണ പദ്ധതിയോടനുബന്ധിച്ച് തഴവാ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ വികസനരേഖയുടെ മുഖ ചിത്രത്തിനായി ശങ്കരിഅമ്മയെയായിരുന്നു തിരഞ്ഞെടുത്തത് . തഴപ്പായ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ഈ ശങ്കരിഅമ്മ പ്രശസ്തയായി. പിന്നീടങ്ങോട്ട് തഴപ്പായ് നിർമ്മാണവുമായി ബന്ധപ്പെട്ട വാർത്തകളിലും പരസ്യങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും ശങ്കരിഅമ്മയായിരുന്നു താരം. ലൈബ്രറി പ്രസിഡന്റ് എം.എ .ആസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന ഭരണ സമിതി അംഗം സദാശിവൻ പൊന്നാട അണിയിച്ച് ശങ്കരിഅമ്മയെ ആദരിച്ചു. സെക്രട്ടറി പാവുമ്പാ സുനിൽ ,അനിൽ വാഴപ്പള്ളി എന്നിവർ പങ്കെടുത്തു.