 
കൊല്ലം: ദേശീയ വനിതാദിനത്തിൽ സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ ആദരവ് ഏറ്റുവാങ്ങിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും നാഷണൽ സർവീസ് സ്കീം അംഗവുമായ സാനിയയാണ് ആദരവിന് അർഹയായത്. സ്കൂളിലെ പ്രോഗ്രാം ഓഫീസർ ഫാ. ഡോ. റിഞ്ചു പി. കോശിയുടെ നേതൃത്വത്തിൽ നടത്തിയ കമ്മ്യൂണിറ്റി സിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പൊതുനിരത്തിലെ ചൂണ്ടുപലകകൾ നൂറ് എൻ.എസ്.എസ്. വോളണ്ടിയർമാർ ചേർന്ന് വൃത്തിയാക്കിയിരുന്നു. ചൂണ്ടുപലകകൾ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിയ ഈ കൊച്ചുമിടുക്കി തന്നാലാവുന്ന വിധം പല ബോർഡുകളും വൃത്തിയാക്കുന്ന പ്രവർത്തനം തുടർന്നു. ഇടയ്ക്ക് തന്റെ അമ്മ വീടായ കല്ലടയിലെത്തിയപ്പോൾ അവിടുള്ള ഒരു ബോർഡും അമ്മൂമ്മയുടെ സഹായത്തോടെ വൃത്തിയാക്കി. അതുവഴി പോയ യാത്രക്കാരിലൊരാൾ അത് ഫോട്ടോയെടുത്ത് നവമാദ്ധ്യമത്തിൽ പങ്കിടുകയും വൈറലാകുകയും ചെയ്തു. തുടർന്ന് ഇത് മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിനു വേണ്ടി കുന്നത്തൂർ താലൂക്ക് എൻഫോഴ്സ്മെന്റ് അംഗങ്ങളായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ എന്നിവർ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിലെത്തി ഉപഹാരം കൈമാറി. ചടങ്ങിൽ പ്രഥമാദ്ധ്യാപിക ജിൻസി ജോർജ് , ടി. അനിമോൾ എന്നിവർ പങ്കെടുത്തു. കടമ്പനാട് ചരിഞ്ഞകാലയിൽ ബിനുമോൻ, സിനിജോർജ്ജ് ദമ്പതികളുടെ മകളാണ് സാനിയ. എട്ടാം ക്ലാസുകാരി സൈനയാണ് സഹോദരി.