കൊല്ലം: ബിൽ കുടിശികയെ തുടർന്ന് വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചതോടെ പോളയത്തോട് ശ്മശാനം അന്ധകാരനഴിയായി. രാത്രിയിൽ ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തുന്നവർ ശ്മശാനത്തിനുള്ളിലെ തെരുവ് വിളക്കുകളുടെ വെളിച്ചത്തിലാണ് കർമ്മങ്ങൾ ചെയ്യുന്നത്.
ശ്മശാനത്തിനുള്ളിലെ വൈദ്യുതി വിനിയോഗത്തെച്ചൊല്ലി കരാറുകാരനും നഗരസഭയും തമ്മിലുള്ള തർക്കമാണ് ശ്മശാനം ഇരുട്ടിലാകുന്നതിൽ കലാശിച്ചത്. കോർപ്പറേഷനാണ് ശ്മശാനത്തിലെ വൈദ്യുതി ചാർജ്ജ് അടച്ചിരുന്നത്. എന്നാൽ, ശ്മശാനത്തിലെ എല്ലാ ചെലുകളും നടത്തിപ്പുകാരൻ വഹിക്കണമെന്നാണ് കരാർ വ്യവസ്ഥ. ഇതുപ്രകാരം അടുത്തിടെ നഗരസഭ വൈദ്യു ചാർജ്ജ് അടയ്ക്കാൻ കരാറുകാരനോട് നിർദ്ദേശിക്കുകയായിരുന്നു. പക്ഷെ ഭാരിച്ച തുക അടയ്ക്കാൻ കരാറുകാരൻ തയ്യാറായില്ല.
ശ‌്മശാനം പിടിക്കാൻ
കടുത്ത മത്സരം
വൈകിട്ട് ആറ് മണിവരെയാണ് ചട്ട പ്രകാരം ശ്മശാനത്തിൽ സംസ്കാരം നടക്കുന്നത്. എന്നാൽ, പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് രാത്രി 9 മണി വരെ സംസ്കാരം നടക്കുന്നുണ്ട്. വിറക് ചൂളയിൽ സംസ്കാരം നടക്കുന്നിടത്ത് തെരുവ് വിളക്കിൽ നിന്ന് മങ്ങിയ വെളിച്ചം എത്തുന്നുണ്ട്. എന്നാൽ, കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ വെളിച്ചമില്ല. അതുകൊണ്ട് തന്നെ ഒന്നിലധികം മൃതദേഹങ്ങൾ എത്തുമ്പോൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. വെളിച്ചമില്ലാത്തത് ഇഴജന്തുക്കളുടെ ഭീഷണിയും ഉയർത്തുന്നു. കഴിഞ്ഞ തവണ 30 ലക്ഷം രൂപയ്ക്കാണ് ശ്മശാനം ലേലം പോയത്. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള നടത്തിപ്പിന് കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ കടുത്ത മത്സരമായിരുന്നു. 32 ലക്ഷം രൂപയ്ക്കാണ് ഒടുവിൽ ലേലം ഉറപ്പിച്ചത്.