photo
പവിത്രേശ്വരം വില്ലേജ് ഓഫീസ്

നിർമ്മാണത്തിന് 44 ലക്ഷം രൂപ

കൊല്ലം: പവിത്രേശ്വരം വില്ലേജ് ഓഫീസും 'സ്മാർട്ടാ'കും. 44 ലക്ഷം രൂപയുടെ പദ്ധതിയൊരുങ്ങുന്നു. തകർന്ന് വീഴാറായ കെട്ടിടത്തിൽ വില്ലേജോഫീസിന്റെ പ്രവർത്തനം താളംതെറ്റുന്ന അവസ്ഥയിലെത്തി നിൽക്കുമ്പോഴാണ് സ്മാർട്ട് വില്ലേജ് പദ്ധതിയിലുൾപ്പെട്ടത്. നിലവിൽ പൊട്ടിയ ഓടുകളും മേൽക്കൂരയുമൊക്കെയായി ഓഫീസ് കെട്ടിടം തീർത്തും നാണക്കേടുണ്ടാക്കുകയാണ്.

തടസങ്ങൾ നീങ്ങി

പവിത്രേശ്വരം ജംഗ്ഷനിൽ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പഴഞ്ചൻ കെട്ടിടത്തിൽ നിന്നും മോചനത്തിനായി ഏറെക്കാലമായി പരിശ്രമം നടക്കുന്നുവെങ്കിലും മുട്ടാത്തർക്കങ്ങൾ പറഞ്ഞ് നീണ്ടുപോയി. ആറര സെന്റ് ഭൂമിയാണ് ഇവിടെ വില്ലേജ് ഓഫീസിനുള്ളത്. പത്ത് സെന്റ് ഭൂമിയിൽ കുറവുള്ളിടത്ത് സ്മാർട്ട് വില്ലേജ് പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന കടുംപിടുത്തത്തിലാണ് പദ്ധതി നീണ്ടത്. എന്നാലിപ്പോൾ തടസങ്ങൾ നീങ്ങി.

മനോഹരമായ കെട്ടിടമൊരുങ്ങും

എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള കെട്ടിടമാണ് വില്ലേജ് ഓഫീസിനായി നിർമ്മിക്കുക. വില്ലേജ് ഓഫീസർക്കും ഉദ്യോഗസ്ഥർക്കും ഓഫീസ് മുറികൾ, ഫ്രണ്ട് ഓഫീസ്, കമ്പ്യൂട്ടർ മുറി, വിശ്രമ മുറി, ടൊയ്ലറ്റ് സംവിധാനം, റെക്കാഡ് മുറി എന്നിവ സജ്ജമാക്കും. തികച്ചും സ്മാർട്ടാകുന്ന കെട്ടിടം കാഴ്ചയിലും മനോഹരമാകും. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച് മാറ്റിയശേഷമാണ് നിർമ്മാണം തുടങ്ങുക. ഇതിനായി വാടക കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റും.