തഴവ: കുലശേഖരപുരം 995-ാം നമ്പർ സർവീസ് സഹകരണ ബാങ്കിലെ നിയമനങ്ങളുടെ മറവിൽ ഒരു വിഭാഗം ഭരണസമിതി അംഗങ്ങൾ കോടികൾ കൊയ്തതായി ആരോപണംൊ. ഒരു ഡ്രൈവർ ഉൾപ്പെടെ അഞ്ച് ഒഴിവിലേക്ക് നടക്കുന്ന നിയമനത്തിന് നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തിൽ ഒന്നേകാൽ കോടിയിൽപ്പരം രൂപയും പത്ത് സെന്റ് ഭൂമിയും ഇതിനോടകം വാങ്ങിയെന്നാണ് പാർട്ടി പ്രവർത്തകർ തന്നെ പരസ്യമായി ആരോപിക്കുന്നത്.
സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രഹസന പരീക്ഷ നടത്തിയാണ് നിയമന നടപടികൾ ആരംഭിച്ചത്. 650 ഓളം പേർ പരീക്ഷ എഴുതി. ഉത്തരക്കടലാസ് മൂല്യനിർണയം പോലും നടത്താതെ ഉയർന്ന മാർക്ക് നേടിയവർ എന്ന പേരിൽ കുറച്ചുപേരെ വിളിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന മെഗാ അഭിമുഖ പരീക്ഷ നടത്തി. പക്ഷേ എഴുത്ത് പരീക്ഷയ്ക്കും മുമ്പേ ഭരണസമിതി അംഗങ്ങൾ കോഴ വാങ്ങി നിയമിക്കേണ്ടവരെ തീരുമാനിച്ചിരുന്നു. ചില മുതിർന്ന നേതാക്കൾക്കും പങ്ക് നൽകണമെന്ന് പറഞ്ഞാണ് വൻതുക ഓരോ ഉദ്യോഗാർത്ഥിയിൽ നിന്ന് വാങ്ങിയത്. ബാങ്കിലെ ഒരു പാർട്ട് ടൈം ജീവനക്കാരൻ നേരത്തെ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിധവയ്ക്ക് ബാങ്കിൽ നിയമനം നൽകുമെന്ന് അന്ന് ബാങ്ക് ഭാരവാഹികളും കോൺഗ്രസ് നേതാക്കളും വാഗ്ദാനം നൽകിയിരുന്നു. അതെല്ലാം മറന്നാണ് ഇപ്പോഴത്തെ കൊള്ള. അതേസമയം അഞ്ച് ഒഴിവുകളിൽ ചിലത് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അരോപണമുണ്ട്. അതുകൊണ്ട് പണം നൽകി നിയമനം ഉറപ്പിച്ചവരിൽ ചിലരുടെയെങ്കിലും ജോലി നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.
ജോലിക്കായി സമീപിച്ച ഒരു ഉദ്യോഗാർത്ഥിയുടെ കൈയിൽ ഭരണസമിതി അംഗങ്ങൾ ചോദിച്ച വൻ തുക ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹത്തിന്റെ പേരിലുള്ള പത്ത് സെന്റ് ഭൂമി എഴുതി വാങ്ങുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ 14 ലക്ഷം രൂപ വാങ്ങിയതായും പരാതിയുണ്ട്. ഭരണസമിതി അംഗങ്ങൾ നടത്തുന്ന വിലപേശലിന്റെ ശബ്ദരേഖകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഭരണസമിതി തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു വിഭാഗം കോൺഗ്രസ് വിമതർ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് ഡി.സി.സി നേതൃത്വം ഇടപെട്ട് വിമതരെ പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. അഴിമതി കനത്തതോടെ തിരഞ്ഞെടുപ്പ് സമയത്ത് രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷനെ പിന്തുണച്ച വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴത്തെ ഭരണസമിതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
''
കുലശേഖരപുരം 995-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംഘടനയല്ല നിലവിൽ ഭരണം നടത്തുന്നത്. അതുകൊണ്ട് തന്നെ നിയമനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല.
സി.ആർ. മഹേഷ് എം.എൽ.എ
''
നിലവിലെ വിവാദ സാഹചര്യങ്ങളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. പാർട്ടി പ്രാദേശിക ഘടകത്തിന്റെ സഹകരണം ഉറപ്പാക്കിയിരുന്നെങ്കിൽ സ്ഥാപനത്തിന് അപകീർത്തി വരുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു.
കെ.എം. നൗഷാദ്, പ്രസിഡന്റ്,
മണ്ഡലം കോൺഗ്രസ് കമ്മിറ്റി, ആദിനാട്