66

കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജംഗ്ഷനുകളിൽ ആർ.ഇ വാൾ അണ്ടർപാസ് വേണോ അതോ ഫ്ലൈ ഓവർ നിർമ്മിക്കണോ എന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയും നിർമ്മാണ കരാർ ഏറ്റെടുത്ത കരാർ കമ്പിനികളും സംയുക്തമായി പഠനം ആരംഭിച്ചു.

ജംഗ്ഷനുകളിലെത്തുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച ഗതാഗത സർവേയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം ഓരോ ജംഗ്ഷനുകളിലേക്കും എത്തുന്ന ഇടറോഡുകളുടെ വിശദരൂപരേഖ തയ്യാറാക്കും. ഇവ രണ്ടും അടിസ്ഥാനമാക്കിയാകും നിലവിലെ തീരുമാനം പുനഃപരിശോധിക്കുക. നിലവിലെ രൂപരേഖയിൽ എല്ലാ ജംഗ്ഷനുകളിലും ആർ.ഇ വാൾ നിർമ്മിച്ചുള്ള അണ്ടർപാസാണ്. ഇതുപ്രകാരമാണ് നിർമ്മാണത്തിന്റെ കരാർ ഒപ്പിട്ടിരിക്കുന്നത്. ഫ്ലൈ ഓവർ നിർമ്മാണത്തിന് ആർ.ഇ വാളിനേക്കാൾ തുക കൂടുതൽ ചെലവാകും. ഇതിന് പുറമേ അപകടസാദ്ധ്യത കുറവാണെന്നാണ് ദേശീയപാത അതോറിറ്റി അധികൃതരുടെ നിലപാട്. ഇതിനെതിരെ വ്യാപാരികൾ അടക്കം വിവിധ കേന്ദ്രങ്ങളിൽ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് പഠനം നടത്തുന്നത്.

ഒരുമിച്ച് അഞ്ച് കിലോ മീറ്റർ

ഒഴിപ്പിച്ചാൽ നിർമ്മാണം

ഏതെങ്കിലും പ്രദേശത്ത് ഒരുമിച്ച് അഞ്ച് കിലോ മീറ്റർ ഒഴിപ്പിച്ച് കിട്ടിയാൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനം ആരംഭിക്കും. തുടർച്ചയായി അഞ്ച് കിലോമീറ്റർ ജില്ലയിൽ ഇതുവരെ എങ്ങും ഏറ്റെടുത്തിട്ടില്ല. പുനരധിവാസ പാക്കേജിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ജംഗ്ഷനുകളിലെ കടകളൊന്നും പൊളിച്ചുതുടങ്ങിയിട്ടില്ല. ഓടകൾ,​ പാലങ്ങൾ, ജംഗ്ഷനുകൾ എന്നിവയുടെ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.

ജില്ലയിൽ ഏറ്റെടുക്കേണ്ട ഭൂമി: 56 ഹെക്ടർ

ഏറ്റെടുത്തത്: 35 ഹെക്ടർ