 ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കൊല്ലം

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കു വേണ്ടിയുള്ള റോഡ് വെട്ടിപ്പൊളിക്കൽ, മറ്റ് അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്‌ക്കായി ഗതാഗത നിയന്ത്രണം ആരംഭിച്ചതോടെ നഗരത്തിൽ കുരുക്ക് രൂക്ഷമായി. ഒരേ സമയം പണികൾ ആരംഭിച്ചതും ഗതാഗതത്തിന് ബദൽ സംവിധനമില്ലാത്തതുമാണ് കുരുക്കി​ന് വഴി​തെളി​ച്ചത്.

മറ്റുറോഡുകൾ ഉപയോഗിക്കാമെന്ന് കരുതിയെത്തുന്നവർ റെയിൽവേ ഗേറ്റിലും രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളിലും കുരുങ്ങുന്ന അവസ്ഥയുമുണ്ട്. പൈപ്പിടൽ പുരോഗമിക്കുന്ന ബീച്ച് റോഡിൽ കഴിഞ്ഞ ദിവസം ഗതാഗതം നിരോധിച്ചിരുന്നെങ്കിലും കമ്മിഷണർ ഓഫീസ് അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ ഭാഗികമായി തുറന്നു കൊടുത്തു. നഗരത്തിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ചിന്നക്കട, കൊച്ചുപിലാംമൂട്, ആർ.ഒ.ബി, എ.ആർ ക്യാമ്പ്, റെയിൽവേ സ്റ്റേഷൻ റോഡിലെ യാത്രയും ഇതോടെ ദുരിതത്തിലായിട്ടുണ്ട്. ഈ റൂട്ട് ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ ബസുകൾ മൂന്ന് തവണ ട്രാഫിക്ക് റൗണ്ടിന് സമീപത്ത് എത്തേണ്ടിവരുന്നതും ആ ഭാഗത്ത് കൂട്ടക്കുഴപ്പത്തി​ന് കാരണമാകുന്നു.

പൈപ്പിടൽ പ്രവൃത്തികൾക്കായി ചെമ്മാൻ മുക്ക്- അയത്തിൽ റോഡ് അടച്ചിട്ട് ഒന്നരമാസം പിന്നിട്ടിട്ടും പണികൾ പൂർത്തീകരിക്കാനോ റോഡ് തുറന്നുകൊടുക്കാനോ നടപടി​ ഉണ്ടായി​ല്ല. ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന പണികൾ മൂലം കണ്ണനല്ലൂർ ഭാഗത്തുനിന്നുള്ള യാത്രക്കാരി​ൽ ഭൂരി​ഭാഗവും കല്ലുംതാഴം- കടപ്പാക്കട റോഡാണ് ഉപയോഗിക്കുന്നത്. സ്വതവേ തിരക്കുണ്ടായിരുന്ന ഈ റോഡിൽ ഗതാഗതകുരുക്ക് ഇരട്ടിയിലധികമായി. കൊച്ചുപിലാംമൂട് പാലവും അറ്റകുറ്റപ്പണികൾക്കായി അടയ്ക്കാൻ തീരുമാനി​ച്ചി​രുന്നെങ്കി​ലും തത്കാലം നീട്ടിവയ്ക്കാനാണ് അധികൃതരുടെ ശ്രമം. എങ്കിലും ബീച്ചിൽ നിന്ന് റെയിൽവേ സ്റ്റേഷനിലോ എസ്.എൻ കോളേജിലോ എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റേണ്ടി വരുന്നുണ്ട്. മുണ്ടയ്ക്കൽ - കോളേജ് ജംഗ്‌ഷൻ റോഡ് പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിലും റെയിൽവേ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടി​ലാക്കുന്നത്.

# ഗതാഗതം നിരോധിച്ചിട്ടുള്ള റോഡുകൾ

 കമ്മിഷണർ ഓഫീസ് ആർ.ഒ.ബി

 ബെൻസിഗർ ആശുപത്രി - താമരക്കുളം

 ചെമ്മാൻ മുക്ക് - അയത്തിൽ

 ഡി.സി.സി ഓഫീസ്- ബെൻസിഗർ

 ചിന്നക്കട - ബീച്ച് റോഡ് (ഭാഗിക നിയന്ത്രണം)

 കല്ലുപാലം- ലക്ഷ്മിനട

 ലക്ഷ്മിനട - സെന്റ് അലോഷ്യസ്- ആൽത്തറമൂട്

 പള്ളിത്തോട്ടം പാലം (ചെറിയ വാഹനങ്ങൾക്ക് മാത്രം പ്രവേശനം)

 തുമ്പറ ക്ഷേത്രം- പുത്തൻനട

..............................

# ചിന്നക്കട റൗണ്ടിൽ ബസുകളെത്തുന്നത് മൂന്ന് തവണ

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് വരുന്നവ കോൺവെന്റ് ജംഗ്‌ഷൻ- ട്രാഫിക്ക് റൗണ്ട് - ക്ളോക്ക് ടവർ ബസ് ബേ നിന്ന് യു ടേൺ എടുത്ത് വീണ്ടും ട്രാഫിക്ക് റൗണ്ട് - കോൺവെന്റ് ജംഗ്‌ഷനിലെത്തണം. തുടർന്ന് യു ടേൺ എടുത്ത് ചിന്നക്കട ട്രാഫിക്ക് റൗണ്ട്- മേൽപാലം വഴി റെയിൽവേ സ്റ്റേഷനിലെത്തി തുടർയാത്ര. (കൊട്ടിയം, ഇരവിപുരം, പാലത്തറ, കണ്ണനല്ലൂർ, ചാത്തന്നൂർ, പരവൂർ റൂട്ടുകളിലെ ബസുകളുടെയെല്ലാം യാത്ര ഇത്തരത്തിൽ)