 
 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആർച്ച് പാലത്തിന്റെ ഉദ്ഘാടനം ഇന്ന്
ഓച്ചിറ: ആലപ്പുഴ, കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായിരിക്കും.
രമേശ് ചെന്നിത്തല എം.എൽ.എ സ്വാഗതം പറയും. തുടർന്ന് പാലം നിർമ്മാണത്തിന്റെ നാൾവഴികൾ വിവരിക്കുന്ന ഫോട്ടോ ബുക്ക് പ്രകാശനം ചെയ്യും. ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി.പ്രസാദ്, മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളായിരിക്കും. പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനീയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിക്കും. എ.എം.ആരിഫ് എം.പി, സോമപ്രസാദ് എം.പി, സി.ആർ.മഹേഷ് എം.എൽ.എ, മുൻ മന്ത്രി ജി.സുധാകരൻ തുടങ്ങിയവർ ആശംസകൾ നേരും. സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ. മഞ്ജുഷ നന്ദി പറയും.
ആർച്ചുകളാണ്
ആകർഷണം
981 മീറ്റർ നീളമാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡ് ഉൾപ്പെടെ ഇത് 1216 മീറ്റർ വരും. വലിയ മത്സ്യബന്ധന ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയുന്ന തരത്തിൽ ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ഉയരത്തിൽ 110 മീറ്റർ നീളമുള്ള മൂന്ന് ബോ സ്ട്രിംഗ് ആർച്ചുകളാണ് പാലത്തിന്റെ പ്രധാന ആകർഷണം.
തീരദേശ വികസനത്തിന്
മുതൽക്കൂട്ടാകും
തീരദേശപാതയെന്ന ലക്ഷ്യത്തിലേയ്ക്കുള്ള വലിയ ചുവടുവയ്പാണ് വലിയഴീക്കൽ പാലം.
അഴീക്കൽ ഹാർബറിന്റേയും ആലപ്പുഴ, കൊല്ലം ജില്ലകളിലെ തീരപ്രദേശത്തിന്റേയും വികസനത്തിന് വലിയഴീക്കൽ പാലം മുതൽക്കൂട്ടായി മാറും. അന്താരാഷ്ട്ര നിലവാരമുള്ള ഗതാഗത സൗകര്യങ്ങൾ സൃഷ്ടിക്കാൻ നിശ്ചയദാർഢ്യത്തോടെ സർക്കാർ നടത്തി വരുന്ന പ്രവർത്തനങ്ങൾക്കു പുതിയ കുതിപ്പു നൽകാനും ഈ പദ്ധതി സഹായകമാകും. കൊവിഡിന്റെയും പ്രളയങ്ങളുടേയും പശ്ചാത്തലത്തിൽ നിരവധി വെല്ലുവിളികൾ ഉയർന്നിട്ടും അവയെല്ലാം വിജയകരമായി മറികടന്ന് പാലത്തിന്റെ നിർമ്മാണം പൂർത്തികരിക്കാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ
(ഫേസ്ബുക്കിൽ കുറിച്ചത്)
146.50 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പൂർത്തിയാക്കിയത് 139.35 കോടിക്ക്
 നീളം 981 മീറ്റർ (അനുബന്ധപാത കൂടി കണക്കിലെടുത്താൽ1.216 കി.മീ )
ചെറിയ കപ്പലുകൾക്കും ബാർജുകൾക്കും അടിയിലൂടെ കടന്നു പോകാം
 ആകെ 29 സ്പാനുകൾ
അപ്രോച്ച് റോഡുകൾ നിർമ്മിച്ചിരിക്കുന്നത് ബി.എം.സി നിലവാരത്തിൽ.
രാത്രി യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ 1.5 കോടിയുടെ സോളാർ ലാമ്പുകൾ