jilla-

കൊല്ലം: തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനം പ്രദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളാണ് സർക്കാരുകൾ നൽകുന്നത്. ഇത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു

ജില്ലയെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കുന്നതിന് ജില്ലാ പഞ്ചായും കിലയും ആസൂത്രണ സമിതിയും സംയുക്തമായി ഏറ്റെടുത്ത ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി കൈമാറി. സർക്കാർ പദ്ധതിക്ക് ഭൂമി സൗജന്യമായി നൽകിയവരെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ അദ്ധ്യക്ഷനായി. കളക്ടർ അഫ്‌സാനാ പർവീൻ സ്വാഗതം പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ.നജീബത്ത്, വസന്ത രമേശ്, പി.കെ. ഗോപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ആമിനാ ബീഗം തുടങ്ങിയവർ പങ്കെടുത്തു. പ്രോജക്ട് ഡയറക്ടർ ടി.കെ. സയൂജ നന്ദി പറഞ്ഞു.