shibu
ഷിബു.കെ.ഉമ്മൻ

കുന്നത്തൂർ : ഭരണിക്കാവ് ജെ.എം ഹൈസ്കൂൾ അദ്ധ്യാപകൻ മുതുപിലാക്കാട് ഊക്കൻമുക്ക് മെഴുവേലിൽ പുത്തൻ വീട്ടിൽ ഷിബു കെ.ഉമ്മന്റെ(50) അകാലവേർപാട് നാടിനെ കണ്ണീരിലാഴ്‌ത്തി. സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ച് കെ.എസ്.ആർ.ടി.സി ബസിനടിയിലേയ്ക്ക് തെറിച്ചു വീണായിരുന്നു ഷിബുവിന്റെ ദാരുണാന്ത്യം.

സഹപ്രവർത്തകന്റെ ഭാര്യാമാതാവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ തുമ്പമണിലേക്ക് പോകവേയാണ് ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് അടൂരിന് സമീപം തട്ട പെട്രോൾ പമ്പിന് സമീപം അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ നേഹയെ സ്കൂട്ടറിൽ സമീപത്തെ വീട്ടിൽ ട്യൂഷന് കൊണ്ടാക്കിയ ശേഷമാണ് ഷിബു പത്തനംതിട്ടയിലേക്ക് പോയത്. ട്യൂഷൻ കഴിഞ്ഞ് പിതാവിന്റെ വരവും കാത്തിരുന്ന മകൾ കേട്ടത് മരണവാർത്തയാണ്.

ഭാര്യ ലീന പാലക്കാട് അദ്ധ്യാപികയാണ്. അതിനാൽ മക്കളുടെയും വീട്ടിലെയും കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഷിബു തന്നെയായിരുന്നു. ഇതെല്ലാം കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട ഗുരുനാഥനായി മാറും.

ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ഷിബു വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്. 25 വർഷത്തെ സേവനത്തിനിടയിൽ സ്വദേശത്തും വിദേശത്തും ഉന്നത നിലയിൽ എത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ വേർപാട് സഹിക്കാനാകാതെ വിതുമ്പുന്നു.സഹപ്രവർത്തകർക്കും നാട്ടുകാർക്കും അറിയാവുന്നവർക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. വിയോഗ വാർത്ത അറിഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ ഭരണിക്കാവ് ടൗൺ വിറങ്ങലിച്ച് നിൽക്കുകയാണ്.

അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ രാവിലെ ഭരണിക്കാവിലെത്തിക്കും.തുടർന്ന് രാവിലെ 9.30 മുതൽ ജെ.എം ഹൈസ്കൂളിൽ പൊതുദർശനം. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ച കഴിഞ്ഞ് മുതുപിലാക്കാട് ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭാര്യ ലീന നാട്ടിലെത്തിയിട്ടുണ്ട്. നോയൽ മകനാണ്.