കൊല്ലം: കേരളത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള എൻ.എസ് ആയുർവേദ ആശുപത്രി ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ രണ്ടാം കാമ്പസായ മെഡിലാന്റിന് 1.30 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. ഒൻപത് നിലകളിലായി 120 കിടക്കകൾക്കും 28 പഞ്ചകർമ്മ തിയേറ്ററുകളുമുണ്ട്. കൂടാതെ റെസ്റ്റോറന്റ്, ഹെർബൽ ടീ ഷോപ്പ്, ഡീലക്‌സ് റൂമുകൾ, പേവാർഡുകൾ, ജനറൽ വാർഡുകൾ, ഹിതഹര, വമന, വസ്തി, യോഗാസെന്റർ, ഫിസിയോതെറാപ്പി, ഫാർമസി, ലാബ്, മൾട്ടി ജിംനേഷ്യം, ബ്യൂട്ടി ക്ലിനിക് തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

നബാർഡിന്റെ സഹായത്തോടെ സംസ്ഥാനത്ത് സഹകരണ മേഖലയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പ്രോജക്ടാണ് എൻ.എസ് മെഡിലാന്റ്. ആയുർവേദ ആശുപത്രിക്ക് പുറമേ ജെറിയാട്രിക് സെന്റർ, കാൻസർ സെന്റർ എന്നിവയുടെ നിർമ്മാണം നടന്നുവരുന്നു. സംഘം ഉടമസ്ഥതയിൽ എൻ.എസ് സഹകരണ ആശുപത്രി, എൻ.എസ് നേഴ്‌സിംഗ് കോളേജ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സംഘത്തിന്റെ പുതിയ സംരംഭങ്ങളായ എൻ.എസ്. ഡ്രഗ്‌സ് ആൻഡ് സർജിക്കൽസിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാലും എൻ.എസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണിയും നിർവഹിക്കും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡന്റ് പി. രമേശനെ എം.നൗഷാദ് എം.എൽ.എ ആദരിക്കും. ബെസ്റ്റ് ഡോക്ടർ അവാർഡിന് അർഹനായ ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. വസന്തദാസിന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും ബെസ്റ്റ് നേഴ്‌സ് അവാർഡിന് അർഹനായ ആശുപത്രി നേഴ്‌സ് സനോജിന് സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹും അവാർഡ് സമ്മാനിക്കും. പ്രത്യേക പുരസ്‌കാരത്തിന് അർഹയായ ഡോ. ആർ. സന്ധ്യയെയും ഐ.എം.എ ടൂർണമെന്റിൽ മികച്ച വിജയം നേടിയ ക്രിക്കറ്റ് ടീമിനെയും സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ്. രാജേഷ് ആദരിക്കും. നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ, എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ ഡോ. എസ്.കെ. തെഹദൂർ റഹ്മാൻ എന്നിവർ വിശിഷ്ടാതിഥികളാകും. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള നന്ദിയും സെക്രട്ടറി പി. ഷിബു റിപ്പോർട്ടും അവതരിപ്പിക്കും.