പാവുമ്പായിൽ കഴിഞ്ഞ 5 ദിവസമായി കുടിവെള്ളമില്ല
കരുനാഗപ്പള്ളി: വേനൽ കടുത്തതോടെ കരുനാഗപ്പള്ളിയുടെ തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും കുടിവെള്ളം കിട്ടാനില്ല. കുളങ്ങളും കിണറുകളും വറ്റി വരണ്ടു. പൈപ്പ് വെള്ളം നിലച്ചു. പാവുമ്പായിൽ കഴിഞ്ഞ 5 ദിവസമായി കുടിവെള്ളം കിട്ടാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ളം നൽകാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിയുന്നുമില്ല. വീട്ടാവശ്യങ്ങൾക്കും പ്രാഥമികാവശ്യങ്ങൾക്കുമായി പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.
പൈപ്പിൽ വെള്ളമെത്തിയിട്ട് ആഴ്ചകൾ
കരുനാഗപ്പള്ളി നഗരസഭയിൽ 7 ടാങ്കർ ലോറികൾ ഉപയോഗിച്ചാണ് തീരദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. 35 ഡിവിഷനുകളിൽ 12 ഡിവിഷനികളിൽ മാത്രമാണ് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്നത്. ഓരോ ദിവസവും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. പൈപ്പിലൂടെ വെള്ളം എത്തിയിട്ട് ആഴ്ചകളായെന്ന് നാട്ടുകാരുടെ പരാതി. കായൽ തീരങ്ങളിൽ കിണറുകളില്ലാത്തതിനാൽ കുടിവെള്ളത്തിനായി നാട്ടുകാർ പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ ജനജീവിതം കൂടുതൽ ദുഷ്ക്കരമാകും.
കുടിവെള്ളം മുട്ടുമെന്നറിഞ്ഞിട്ടും
ആലപ്പാട് ഗ്രാമപഞ്ചായത്തിൽ ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളമാണ് നാട്ടുകാർ ഉപയോഗിക്കുന്നത്. പഞ്ചായത്ത് നൽകുന്ന കുടിവെള്ളം ആവശ്യങ്ങൾക്ക് മതിയാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടെയുള്ള കുഴൽ കിണറുകളുടെ പ്രവർത്തനവും പരിമിതമാണ്. വേനലിനെ മുന്നിൽ കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ബന്ധപ്പെട്ടവർക്ക് വന്ന വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. മുൻ വർഷങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായിരുന്നു. ഇത്തവണയും വെള്ളക്ഷാമം രൂക്ഷമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ട് പോലും നിലവിലുള്ള കുഴൽ കിണറുകളും പമ്പ് ഹൗസുകളും പ്രവർത്തന ക്ഷമമാക്കാൻ ബന്ധപ്പെട്ടവർ ഒരു ശ്രമവും നടത്തിയില്ല. കുഴൽ കിണറുകൾ നല്ലവണ്ണം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരു പരിധി വരെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുമായിരുന്നു. ഓച്ചിറ കുടിവെള്ള പദ്ധതി പ്രവർത്തന സജ്ജമായതോടെ കുഴൽ കിണറുകൾ അടച്ച് പൂട്ടിയതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണം.