കൊല്ലം: മുനീശ്വരൻകോവിൽ- കപ്പലണ്ടി മുക്ക് റോഡ് വികസനവുമായി ബന്ധപ്പെട്ട് കരാറുകാൻ ആവശ്യപ്പെട്ട 1.21 കോടി നൽകുന്നതിന് സർക്കാരിന്റെ അനുമതി തേടാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കരാറുകാരന് ഈമാസം 31ന് മുൻപ് പണം നൽകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് തീരുമാനം.
2008 ലാണ് കെ. ലക്ഷ്മണൻ ആൻഡ് കമ്പനി മുനീശ്വരൻകോവിൽ- കപ്പലണ്ടി മുക്ക് റോഡ് വികസനത്തിന്റെ കരാർ ഏറ്റെടുത്തത്. കരാർ നടപടികൾ പൂർത്തിയായിട്ടും റോഡ് വീതികൂട്ടാനുള്ള സ്ഥലം ഏറ്റെടുക്കൽ നഗരസഭ ആരംഭിച്ചില്ല. അങ്ങനെ പത്ത് മാസത്തോളം നിർമ്മാണം സ്തംഭിച്ചു. ഇത്രയും കാലം കരാറുകാരന്റെ, കോടികൾ വിലയുള്ള ഉപകരണങ്ങൾ വെറുതേ കിടന്നു. കരാറുകാരന് ഈ ഇനത്തിലുണ്ടായ 1.21 കോടി രൂപയുടെ അധിക ചെലവ് നൽകാൻ കോർപ്പറേഷൻ തയ്യാറായില്ല. പണം നൽകണമെന്ന് കെ.എസ്.യു.ഡി.പി 2013ൽ അധികൃതരോട് കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു. കെ.എസ്.യു.ഡി.പി പിരിച്ചുവിട്ട ശേഷം നിലവിൽ വന്ന അമൃത് മിഷൻ ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട നിലപാട് അന്നത്തെ കോർപ്പറേഷൻ അധികൃതർ ആരാഞ്ഞിരുന്നു. പണം കൊടുക്കണമെന്നായിരുന്നു അമൃത് മിഷൻ ഡയറക്ടറുടെയും മറുപടി. ഈ മറുപടി വാങ്ങി പോക്കറ്റിൽ വച്ചതല്ലാതെ പണം നൽകിയില്ല. തുടർന്നാണ് കരാർ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
കമ്പനി ഫയൽ ചെയ്ത ഹർജിയിൽ 2020 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ആദ്യ ഉത്തരവും പിന്നീടുള്ള രണ്ട് തുടർ ഉത്തരവുകളും നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കർശന നിലപാടിലേക്ക് നീങ്ങിയത്. നേരത്തെ പലതവണ അജണ്ട മാറ്റിവച്ചെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം ഒറ്റക്കെട്ടായാണ് സർക്കാരിന്റെ അനുമതി തേടാൻ തീരുമാനിച്ചത്. കരാറുകാരന് അവകാശപ്പെട്ട പണം ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ച അന്നത്തെ മേയറും ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റവാളികളാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഗിരീഷ് പറഞ്ഞു.