budget

കൊല്ലം: കൊല്ലത്തുകാരനായ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആദ്യ സമ്പൂർണ്ണ ബഡ്‌ജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ ജില്ല വാനോളം പ്രതീക്ഷയിലാണ്. ജില്ലയുടെ പരമ്പരാഗത കശുഅണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനം, പുതിയ ടൂറിസം പദ്ധതികൾ, ഗതാഗത പ്രശ്നം പരിഹരിക്കാനുള്ള വിവിധ പാലങ്ങളുടെയും റോഡുകളുടെയും നി‌ർമ്മാണം എന്നിവയിലാണ് ജില്ല പ്രതീക്ഷ വയ്ക്കുകയാണ്.

കശുഅണ്ടി രംഗത്തെ പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടിവരാൻ വ്യവസായ വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ബഡ്‌ജറ്റിൽ പണം അനുവദിച്ചേക്കും. മന്ത്രി പ്രഖ്യാപിച്ച വ്യവസായ പാർക്കും ബഡ്ജറ്റിൽ ഇടംപിടിച്ചേക്കും. ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന വൻ പദ്ധതികളും പ്രതീക്ഷിക്കുന്നു. സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് പരിഗണിക്കപ്പെടാം. തുടർച്ചയായ വേലിയേറ്റത്തിലും പ്രളയസമാന അന്തരീക്ഷത്തിലും ഉഴലുന്ന മൺറോത്തുരുത്തും പ്രതീക്ഷയിലാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒരു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

വാനോളം

പ്രതീക്ഷകൾ

 കശുഅണ്ടി പുനരുജ്ജീവന പദ്ധതി

 പുതിയ വ്യവസായ പാർക്ക്

 മൺറോതുരുത്തിന് സാമ്പത്തികസഹായം

 പ്രാദേശിക ടൂറിസ വികസനം

 എം.സി റോഡ് വികസനം, കൊട്ടാരക്കര പുലമണ്ണിൽ ബൈപ്പാസ്

 തിരുമുല്ലാവാരത്ത് തീർത്ഥാടക ടൂറിസം

 കൊച്ചുപിലാംമൂട്ടിൽ സമാന്തര പാലം

 കെ. ഐ.പി കനാൽ നവീകരണം

 പോർട്ടിന്റെ ആഴംകൂട്ടൽ, വാർഫുകളെ ബന്ധിപ്പിക്കൽ

 പോർട്ടിൽ ഫ്ളോട്ടിംഗ് വർക്ക് ഷോപ്പ്

 കിഴങ്ങുവർഗ പ്രോത്സാഹന പദ്ധതികൾ

 കുടിവെളള പദ്ധതികൾ

 കൊല്ലം താലൂക്ക് വിഭജനം

 കുരീപ്പുഴ- പാണാമുക്കം പുതിയ പാലം

 പടിഞ്ഞാറേ കല്ലട ഫ്ളോട്ടിംഗ് സോളാർ പദ്ധതി

 കരുനാഗപ്പള്ളിയിൽ കടൽവെളള ശുദ്ധീകരണ പ്ളാൻ്റ്

2021ലെ ബഡ്ജറ്റ് നി‌ർദ്ദേശങ്ങളും

നിലവിലെ സ്ഥിതിയും

 ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ അടിസ്ഥാന വികസനത്തിന് 10കോടി:

സ്ഥലം കണ്ടെത്താൻ ശ്രമം പുരോഗമിക്കുന്നു

 കെ.എസ്. ആർ. ടി.സിക്കായി ആധുനിക ടെർമിനൽ:

ഡി.പി.ആർ. തയ്യാറായി വരുന്നു

 ടൂറിസം പുനരുജ്ജീവന പാക്കേജിൽ കൊല്ലത്തിന് വിഹിതം:

കാര്യമായ ചലനമില്ല

ജൈവവൈവിധ്യ സർക്യൂട്ടിന് 25 കോടി:

രൂപരേഖ തയ്യാറാക്കാൻ സാങ്കേതിക സമിതി രൂപീകരിച്ചു

 ജലാശയത്തിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹനം: പ്രായോഗികമല്ലാത്തതിനാൽ ഉപേക്ഷിച്ചു

ചവറ കെ. എം. എം. എൽ ഫാക്ടറിയുടെ പരിസരത്തെ ഭൂമിയേറ്റെടുക്കൽ :

76.8 ഏക്കർ സ്ഥലം 250 കോടിക്ക് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

ജില്ലയിൽ ഒരു അഗ്രോപാർക്ക്: നടപടിയില്ല

 മത്സ്യ സംസ്കരണ പദ്ധതിയിൽ നീണ്ടകര: ശക്തികുളങ്ങര കല്ലുംപുറത്ത് നിർമ്മാണം പുരോഗമിക്കുന്നു

 തീരദേശ റോഡ് പൂർത്തീകരണം:

ഡി. പി. ആർ തയ്യാറാക്കാൻ പുതിയ സർവ്വേ ആരംഭിച്ചു