
കൊല്ലം: കൊല്ലം സ്റ്റേഷനിൽ നിന്ന് കുറഞ്ഞ നിരക്കിൽ സാമ്പ്രാണിക്കോടിയിലേക്കുള്ള യാത്രാബോട്ടിന്റെ ട്രിപ്പുകളുടെ എണ്ണം കൂട്ടാനുള്ള നടപടികളുമായി ജലഗതാഗതവകുപ്പ് അധികൃതർ. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച പരമ്പരയെ തുടർന്നാണ് അധികൃതരുടെ നടപടി.ഓരോ മണിക്കൂർ ഇടവിട്ട് കൊല്ലം സ്റ്റേഷനിൽ നിന്ന് സാമ്പ്രാണിക്കോടിയിലേക്ക് സർവീസ് നടത്താനാണ് ശ്രമം. അവധിദിവസങ്ങളിലെങ്കിലും ഇത്തരത്തിൽ സർവീസ് നടത്താൻ കഴിഞ്ഞാൽ വകുപ്പിന് മികച്ചവരുമാനം ഉറപ്പാക്കാനും കഴിയും. ഇതോടൊപ്പം കെ.എസ്.ആർ.ടി.സിയുടെ ടൂറിസം സർവീസുകളുടെ മാതൃകയിൽ അഷ്ടമുടി കായൽ കാഴ്ച്ചകൾ ആസ്വദിക്കാൻ ഉതകുന്ന തരത്തിൽ പാക്കേജുകൾ നടപ്പാക്കാനും ശ്രമം നടക്കുന്നുണ്ട്. കൊവിഡ് ഇളവിലെ ഉണർവിൽ അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ജലഗതാഗത വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നും അവസരം പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്നും കേരളകൗമുദി പരമ്പരയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ കൊല്ലത്ത് നിന്നും കാവനാട് അരവിള കടവിൽ നിന്നും സാമ്പ്രാണിക്കോടിയിലേക്ക് യാത്രാബോട്ടുകളുണ്ട്. നാമമാത്രമായ തുക ചെലവഴിച്ച് കായൽക്കാഴ്ചകൾ ആസ്വദിക്കാൻ ബോട്ട് യാത്രയിലൂടെ കഴിയുമെങ്കിലും സഞ്ചാരികൾക്ക് ഇതേപ്പറ്റി കൃത്യമായ അവബോധമുണ്ടായിട്ടില്ല. സ്വകാര്യ ബോട്ടുകളിൽ മണിക്കൂറിന് 1000 മുതൽ 2500 രൂപ വരെ കൊടുത്താണ് മിക്കവരും കായൽക്കാഴ്ചകൾ ആസ്വദിക്കുന്നത്.
# നിലവിലുള്ള സർവീസുകൾ
1. കാവനാട്- സാമ്പ്രാണിക്കോടി
2. കൊല്ലം- സാമ്പ്രാണിക്കോടി
3. കൊല്ലം- പേഴുംതുരുത്ത്
4. കൊല്ലം- പ്ലാവറക്കാവ്
# കാത്തിരിക്കുന്ന കാഴ്ചകൾ
1. സാമ്പ്രാണിക്കോടി സർവീസ്
കെ.ടി.ഡി.സി വിനോദ സഞ്ചാര കേന്ദ്രം, അഡ്വഞ്ചർ പാർക്ക്, കണ്ടൽ കാടുകൾ, തേവള്ളി കൊട്ടാരം, നേവൽ ക്വാർട്ടേഴ്‌സ്, തേവള്ളി പാലം, ചീനവലകൾ, വിളക്കമ്മയുടെ പ്രതിമ, അരവിള ബോട്ട് യാർഡ്, കോട്ടയത്ത് കടവ്, കുരീപ്പുഴ ദേവാലയങ്ങൾ, സാമ്പ്രാണിക്കോടി തുരുത്ത്, ചെറിയ ദ്വീപുകൾ
2. പേഴുംതുരുത്ത് സർവീസ്
സാമ്പ്രാണിക്കോടി സർവീസ് കാഴ്ചകൾക്ക് പുറമെ മണലിൽ ക്ഷേത്രം, അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം, പെരുങ്ങാലം, കോയിവിള, പെരുമൺ, പേഴുംതുരുത്ത് (അവസാന സ്റ്റോപ്പിൽ ഇറങ്ങിയാൽ മൺറോതുരുത്തിന്റെ കാഴ്ചകളും)
# നിലവിലെ സർവീസ്
സാമ്പ്രാണിക്കോടിയിലേക്ക്
കൊല്ലത്ത് നിന്ന്: രാവിലെ 10, 11.20, 12.30 (പേഴുംതുരുത്ത്), 2.00
കാവനാട് അരവിള കടവിൽ നിന്ന്: 12.30, 1.20, 3.00, 4.00, 4.40, 5.40, 7.00