കൊല്ലം: കോൺവെന്റ് ജംഗ്ഷനിലെ നടപ്പാലം ഇന്നു തുറക്കുന്നതോടെ വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. വൈകിട്ട് 3നാണ് ഉദ്ഘാടനം.

2020 ഒക്ടോബറിലാണ് നിർമ്മാണം തുടങ്ങിയത്. കൊവിഡ് അടക്കമുള്ള പ്രശ്നങ്ങളിൽ നിർമ്മാണം ഏറെക്കാലം സ്തംഭിച്ചിരുന്നു. നഗരത്തിൽ ഏറ്റവും അധികം ഗതാഗത തിരക്കുള്ള സ്ഥലമാണ് കോൺവെന്റ് ജംഗ്ഷൻ. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനട യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. വിദ്യാർത്ഥികൾക്ക് പുറമേ ജില്ലാ ആശുപത്രിയിലും വിക്ടോറിയയിലും എത്തുന്ന ആവശരായ രോഗികളും മെയിൻറോഡിലെയും പായിക്കട റോഡിലെയും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ജീവനക്കാരും ഉപഭോക്താക്കളും ഇവിടെയെത്തിയാണ് ബസ് കയറുന്നത്.

# സ്റ്റീൽ പാലം

ഹൈസ്കൂൾ ജംഗ്ഷനിലും ചെമ്മാംമുക്കിലും നേരത്തെ നിർമ്മിച്ച പാലങ്ങളുടെ പടികൾ കോൺക്രീറ്റാണ്. എന്നാൽ കോൺവെന്റ് ജംഗ്ഷനിലെ നടപ്പാലത്തിൽ സ്റ്റീലും അനുബന്ധ ഘടകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും ഘട്ടത്തിൽ പൊളിച്ചുനീക്കേണ്ടി വന്നാൽ കോൺക്രീറ്ര് അവശിഷ്ടങ്ങൾ ഉണ്ടാകില്ലെന്നതിനൊപ്പം സ്റ്റീൽ വീണ്ടും പ്രയോജനപ്പെടുത്താനുമാകും. കൊല്ലത്തിന്റെ അടയാളമായ ക്ലോക്ക് ടവറിന്റെ മാതൃകയിലാണ് ഇരുവശത്തെയും തൂണുകൾ.

................................

 നിർമ്മാണ ചെലവ്: 66 ലക്ഷം

 തറനിരപ്പിൽ നിന്ന് 5 മീറ്റർ ഉയരം

 31 മീറ്റർ നീളം

 2 മീറ്റർ വീതി