cashew

കൊല്ലം: നാടൻ തോട്ടണ്ടി​ സ്വകാര്യ ഫാക്ടറി​കൾക്കടക്കം നൽകാനായി​ സംസ്ഥാന സർക്കാർ വൻതോതി​ലുള്ള സംഭരണത്തി​നു ശ്രമി​ക്കവേ, ഉത്പാദനം തലകീഴായി​ മറി​ഞ്ഞു. സമീപവർഷങ്ങളിലെ കാലംതെറ്റിയുള്ള മഴയും കനത്ത ചൂടും രോഗബാധയുമാണ് കൃഷിസ്ഥലം വർദ്ധിച്ചിട്ടും ഇടിവിനു കാരണമായത്.

തുടർച്ചയായി പെയ്ത മഴയിൽ കശുമാവ് പൂക്കൾ വ്യാപകമായി കൊഴിഞ്ഞു. കഴിഞ്ഞമാസങ്ങളിൽ പെയ്ത മഴ കശുമാവുകളെ സാരമായി ബാധിച്ചു. തേയിലക്കൊതുകിന്റെ ആക്രമണവും വ്യാപകമായുണ്ടായി. സംസ്ഥാനത്ത് സ്വകാര്യ, പൊതുമേഖലകളിലായി 800 ഓളം ഫാക്ടറികളുണ്ട്. ഇവിടങ്ങളിൽ ഒരുവർഷം 200 ദിവസം തൊഴിൽ നൽകാൻ 6 ലക്ഷം മെട്രിക് ടൺ തോട്ടണ്ടി വേണം. 73,000 മെട്രിക് ടൺ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രാദേശിക ഉത്പാദനം. അതി​നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഫാക്ടറികൾക്ക് ആവശ്യമായ തോട്ടണ്ടി എത്തി​ക്കുന്നത്.

# വർഷം, കൃഷി സ്ഥലത്തിന്റെ വിസ്തീർണം (ഹെക്ടറിൽ), ഉത്പാദനം (മെട്രിക് ടണ്ണിൽ)

 2018-19, 96.65, 82889

 2019-20, 98.821, 69624

 2020-21- 103.20, 73105

# കർഷകരുടെ കൂട്ടായ്മ

എല്ലാ മണ്ഡലങ്ങളിലും കശുമാവ് കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കശുമാവ് വികസന ഏജൻസി. ഈ വർഷം എട്ട് ലക്ഷം തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഒഴിഞ്ഞുകിടക്കുന്ന റവന്യൂ പുറമ്പോക്കുകളിലും സർക്കാർ വകുപ്പുകളുടെ സ്ഥലങ്ങളിലും വരും വർഷങ്ങളിൽ കൃഷി നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കും. മൂന്ന് വർഷത്തിനുള്ളിൽ വിളവെടുക്കാവുന്ന അത്യുത്പാദന ശേഷിയുള്ള തൈകൾ സൗജന്യമായാണ് നൽകുന്നത്.

# ഒരു കശുമാവിൽ നിന്ന്

 മൂന്നാം വർഷം: 3-5 കിലോ

 പത്താം വർഷം: 10 കിലോ

 പതിനഞ്ചാം വർഷം: 15-25 കിലോ

 ഒരു ഹെക്ടറിൽ 400 തൈ വരെ നടാം