
കൊല്ലം: പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാരിപ്പള്ളി അന്താരാഷ്ട്ര ചലച്ചിത്രമേളയും ചലച്ചിത്രഗാന മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചലച്ചിത്രഗാന മത്സരങ്ങൾ 12, 13 തീയതികളിൽ നടക്കും. 12ന് രാവിലെ 9.30ന് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സി.ഡബ്ല്യൂ.സി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് മുഖ്യാതിഥിയാകും. 20ന് ഫൈനൽ മത്സരങ്ങൾ നടക്കും.
13ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ മുഖ്യാതിഥിയാകും. പാരിപ്പള്ളി ഗണേശ് സിനിമാ ഹാളിൽ നടത്തുന്ന പ്രദർശനങ്ങൾ 20ന് സമാപിക്കും. സമാപന സമ്മേളനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാഡമി എക്‌സിക്യുട്ടീവ് അംഗം വി.ടി. മുരളി മുഖ്യാതിഥിയാകും. വിദ്യാധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ സംഗീത വിരുന്നും ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ നിരഞ്ജൻ, കലാഭവൻ മണി അവാർഡ് ജേതാവ് നാടൻ പാട്ടുകാരൻ മണികണ്ഠൻ എന്നിവരെ ആദരിക്കൽ ചടങ്ങുമുണ്ടാകും.
വാർത്താസമ്മേളനത്തിൽ ചെയർമാൻ അഡ്വ. എസ്.ആർ. അനിൽകുമാർ, സെക്രട്ടറി എൻ.വി. ജയപ്രസാദ്, മീഡിയ കൺവീനർ ബി. ശശിധരൻപിള്ള, ഫിലിം സൊസൈറ്റി ഭാരവാഹികളായ എൻ. സതീശൻ, ഡി. അഷറഫുദീൻ, പി.എ.എസ്.സി പ്രസിഡന്റ് രാജുകൃഷ്ണൻ പങ്കെടുത്തു.