port

 എമിഗ്രേഷൻ ഓഫീസിനുള്ള ഗേറ്റ് ഹൗസിന്റെ നിർമ്മാണം നീളുന്നു

കൊല്ലം: കൊല്ലം തുറമുഖ വികസനത്തിന്റെ നിർണായക ഘടകമായ എമിഗ്രേഷൻ ഓഫീസ് സജ്ജമാക്കാനുള്ള ഗേറ്റ് ഹൗസിന്റെ നിർമ്മാണം ഹാർബർ എൻജിനീയറിംഗ് വകുപ്പ് അനന്തമായി നീട്ടുന്നു. ഈ മാസം 31ന് മുൻപ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ധന, തുറമുഖ വകുപ്പ് മന്ത്രിമാർ ആവശ്യപ്പെട്ടിട്ടും കാര്യമായ നീക്കുപോക്ക് ഉണ്ടായി​ട്ടി​ല്ല.

31ന് നിർമ്മാണ കരാറിന്റെ കാലാവധി അവസാനിക്കും. പക്ഷെ ഇപ്പോഴും തറയോടുകൾ പാകുന്നതേയുള്ളു. വാതിലുകളും രണ്ടാം നിലയിൽ രൂപരേഖ പ്രകാരമുള്ള സ്പൈഡർ ഗ്ലാസുകളും ഘടിപ്പിക്കാനുണ്ട്. ഇതിന് പുറമേയുള്ള വൈദ്യുതീകരണത്തിന്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നതേയുള്ളു. നി​ലവി​ലെ സാഹചര്യം വി​ലയി​രുത്തി​യാൽ മേയ് മാസമെങ്കി​ലുമാവും നിർമ്മാണം പൂർത്തി​യാവാൻ. വൈദ്യുതീകരണത്തിനുള്ള ടെണ്ടർ നടപടികൾ നേരത്തെ ആരംഭിക്കണമെന്ന് പോർട്ട് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉഴപ്പുകയായിരുന്നു. ഒന്നരക്കോടി ചെലവിൽ 2020 ഒക്ടോബറിലാണ് ഗേറ്റ് ഹൗസിന്റെ നിർമ്മാണം ആരംഭിച്ചത്.

ഓഫീസ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് കൊല്ലം പോർട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാത്തത്. ഇത് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് നേരത്തെ എത്തിയ സംഘങ്ങളെല്ലാം ഓഫീസ് സൗകര്യത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി. ഇതോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

 കപ്പലിന്റെ വഴി മുടക്കുന്നു

മാർച്ചിൽ ഓഫീസ് സജ്ജമായാൽ ഏപ്രിലിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പോർട്ട് അധികൃതരും ഷിപ്പിംഗ് ഏജൻസികളും. അതുകൊണ്ടുതന്നെ പോർട്ട് അധികൃതർ നിർമ്മാണം വേഗത്തിലാക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നിട്ടും ഉദാസീന സമീപനം ഉപേക്ഷിക്കാൻ ഹാർബർ എൻജിനീയറിംഗ് വകുപ്പ് തയ്യാറാകുന്നില്ല. എമിഗ്രേഷൻ പോയിന്റില്ലാത്തത് വിവിധ കേന്ദ്രങ്ങളിൽ നിന്നു കൊല്ലത്തേക്ക് കപ്പലെത്തിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും തടസമായി നിൽക്കുകയാണ്.എമിഗ്രേഷൻ ഓഫീസിൽ ആറ് കൗണ്ടറുകൾ 12 ലക്ഷം രൂപ ചെലവിൽ കിറ്റ്കോ മുഖേന സജ്ജീകരിക്കാനുള്ള ശുപാർശ തുറമുഖ വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.