കൊല്ലം: ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന ടെസ്റ്റ് പർച്ചേസ് വ്യാപാരികൾ ഇനി അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ പറഞ്ഞു. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കമ്മിഷണർ ഓഫീസിന് മുന്നിൽ വ്യാപാരികൾ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻകൂട്ടി തയ്യാറെടുപ്പുകളില്ലാതെ 2017ൽ നടപ്പിലാക്കിയ ജി.എസ്.ടി നിയമത്തിലെ സാങ്കേതിക പിഴവുകൾക്കെതിരെ പിഴ ചുമത്തുന്നതും നോട്ടീസ് അയയ്ക്കുന്നതും മനുഷ്യത്വരഹിതമായ നടപടി ആണെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പർച്ചേസിന് എത്തുന്നവർ ബില്ല് മന:പൂർവ്വം ചോദിച്ച് വാങ്ങാതെ പിന്നീട് സ്‌ക്വാഡിനെക്കൊണ്ട് കേസെടുക്കുന്നതും പിഴ ചുമത്തുന്നതും ജനാധിപത്യവിരുദ്ധമാണെന്നും സമരത്തെ അഭിസംബോധന ചെയ്ത ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ബി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ ഭാരവാഹികളായ കെ.രാമഭദ്രൻ, എസ്.നൗഷറുദ്ദീൻ, എൻ.രാജീവ്, എം.എം. ഇസ്മയിൽ, ജോജൊ കെ. എബ്രഹാം, എസ്. അബ്ദുൾ നാസർ, ടി.എസ്. ബാഹുലേയൻ, എ.നിസാം, എസ്. രാധാകൃഷ്ണൻ ,എ.കെ. ഷാജഹാൻ, എ. അൻസാരി, നവാസ് പുത്തൻവീട്, ജി. രാജൻ കുറുപ്പ് ,ആന്റണി പാസ്റ്റർ, ഡി. വാവാച്ചൻ, എസ്. രമേശ്കുമാർ, സുധീർ ചോയ്‌സ് തുടങ്ങിയവർ സംസാരിച്ചു.
ചിൽഡ്രൻസ് പാർക്ക് മൈതാനയിൽ നിന്ന് ആരംഭിച്ച വ്യാപാരികളുടെ പ്രതിഷേധ പ്രകടനത്തിൽ നൂറോളം പേർ പങ്കെടുത്തു. സമരത്തിന് ശേഷം ജി. എസ്. ടി ജില്ലാ ജോയിന്റ് കമ്മിഷണർ സജി എ. മിരാന്റയ്ക്ക് വ്യാപാരി നേതാക്കൾ നിവേദനവും നൽകി.