photo
കൊട്ടാരക്കര ചന്തമുക്കിലെ നിലവിലുള്ള ട്രാഫിക് ഐലന്റ്

കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ ട്രാഫിക് ഐലൻഡ് മാറ്റി സ്ഥാപിക്കാൻ നടപടിയായി. പുതിയത് ഇന്ന് സ്ഥാപിക്കും. നഗരസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് പുതിയ ട്രാഫിക് ഐലൻഡ്. ചുട്ടുപൊള്ളുന്ന വെയിലത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് കയറി നിൽക്കാൻ കഴിയും വിധമുള്ളതാണ് പുതിയ സംവിധാനം. "ഗതികേടിന്റെ പറുദീസയായി കൊട്ടാരക്കര ചന്തമുക്ക്' എന്ന തലക്കെട്ടോടെ ജനുവരി 9ന് കേരളകൗമുദി ചന്തമുക്കിലെ ഗതാഗത കുരുക്കും ട്രാഫിക് ഐലൻഡിന്റെ ദുരിതാവസ്ഥയും വാർത്തയാക്കിയിരുന്നു. തകരപ്പാട്ടകൾ കൊണ്ട് നിർമ്മിച്ച തട്ടിക്കൂട്ട് ട്രാഫിക് ഐലൻഡാണ് ചന്തമുക്കിൽ പൊലീസിനുള്ളതെന്നും ഇത് പലപ്പോഴും കാറ്റടിച്ചും വാഹനങ്ങൾ തട്ടിയും മറിഞ്ഞു വീഴാറുണ്ടെന്നും വാർത്തയിൽ പറഞ്ഞിരുന്നു. റോഡിന്റെ മദ്ധ്യഭാഗത്തായി സ്ഥാപിച്ച ഈ ട്രാഫിക് ഐലൻഡ് പൊലീസിന് വലിയ നാണക്കേടായി മാറിയ സംഭവം വാർത്തയിലൂടെ ചർച്ചയായതോടെയാണ് നഗരസഭ ചെയർമാൻ എ.ഷാജു ഇടപെട്ട് പുതിയത് നിർമ്മിക്കാൻ പദ്ധതിയൊരുക്കിയത്. ഇന്ന് രാവിലെ ചെയർമാൻതന്നെ പുതിയ ട്രാഫിക് ഐലൻഡ് സ്ഥാപിച്ച് ഉദ്ഘാടനം ചെയ്യും.

സിഗ്നൽ ലൈറ്റ് വേണം

കൊല്ലം-തിരുമംഗലം ദേശീയപാതയും കരുനാഗപ്പള്ളി- കൊട്ടാരക്കര റോഡും സംഗമിക്കുന്ന ചന്തമുക്കിൽ എപ്പോഴും വാഹനത്തിരക്കാണ്. കൊട്ടാരക്കര- ഓയൂർ റോഡ് ഇതിന് തൊട്ടടുത്തായി എത്തിച്ചേരുന്നു. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്കുള്ള വാഹനങ്ങൾ തിരിയുമ്പോൾ കുരുക്കുകൂടും. മറുവശത്ത് ഓട്ടോ സ്റ്റാൻഡാണ്. ചന്തയും താലൂക്ക് ആശുപത്രിയും ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന ചന്തമുക്കിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല.