കൊല്ലം: വൈദ്യുതി ബോർഡ് ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ ഇന്നുകൂടി നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ബോർഡിന്റെ 776 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും സ്പോട്ട് രജിസ്ട്രേഷൻ നടത്താം. കൺസ്യൂമർ നമ്പറുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെത്തിയും സീനിയർ സൂപ്രണ്ടിനെ സമീപിച്ച് സൗര പോർട്ടലിൽ രജിസ്ട്രേഷൻ നടത്താനാകും.

200 മെഗാവാട്ട് പൂർത്തിയാക്കണം

ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുവാൻ 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതു വരെ 170 മെഗാവാട്ടിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി. ബാക്കി അപേക്ഷകരെ കൂടി കണ്ടെത്തുകയാണ് സ്പോട്ട് രജിസ്ട്രേഷൻ വഴി ലക്ഷ്യമിടുന്നത്. 200 മെഗാവാട്ടിന്റെ പദ്ധതി വരുന്ന ജൂണിൽ പൂർത്തീകരിച്ചാൽ മാത്രമേ പ്രഖ്യാപിച്ച സബ്സിഡി ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഈ മാസം രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതുണ്ട്.

100 ചതുരശ്ര അടി ഏരിയ

3 കിലോവാട്ട് വരെ 40 ശതമാനം സബ്സിഡിയും 3 മുതൽ 10 കിലോവാട്ട് വരെ 20 ശതമാനം സബ്സിഡിയും ലഭിക്കും. 1 കിലോ വാട്ട് പ്ളാന്റ് ചെയ്യുന്നതിന് 100 ചതുരശ്ര അടി ഏരിയ മതിയാകും രജിസ്ട്രേഷന് വേണ്ടത് 1, ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമേ പദ്ധതിയിൽ ചേരുവാൻ കഴിയുള്ളു. 2, 13 അക്ക കൺസ്യൂമർ നമ്പർ കൈവശം കരുതണം. 3, കെ.എസ്.ഇ.ബി ലിമിറ്റഡിൽ രജിസ്ട്രേഡ് മൊബൈൽ നമ്പരുള്ള ഫോൺ കൈവശം ഉണ്ടായിരിക്കണം.

" ഉപഭോക്താക്കൾ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്തണം. ഈ മാസം രജിസ്ട്രേഷൻ പൂർത്തീകരിച്ചെങ്കിൽ മാത്രമേ പദ്ധതി വഴിയുള്ള സബ്സിഡി ലഭ്യമാവുകയുള്ളൂ."- ആർ.സുകു, ഡയറക്ടർ, കെ.എസ്.ഇ.ബി