കൊല്ലം: കമ്മിഷണർ ഓഫീസ് റോഡ് അറ്റകുറ്രപ്പണിക്കായി അടച്ചതോടെ നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ചിന്നക്കടയിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന് ആവശ്യം. ബീച്ച് ഭാഗത്തു നിന്ന് കോളേജ് ജംഗ്ഷനിലേക്കുള്ള വാഹനങ്ങൾക്ക് ചിന്നക്കട റൗണ്ട് ചുറ്റി പോകാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നതാണ് പ്രധാനപ്പെട്ട ഒന്ന്.
ചിന്നക്കടയിലെ റെയിൽവേ മേൽപ്പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ റൗണ്ട് ചുറ്റി ബീച്ച് ഭാഗത്തേക്ക് പോകുന്നുണ്ട്. എന്നാൽ ബീച്ച് ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് കോളേജ് ജംഗ്ഷനിലേക്കു പോകാൻ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് കോൺവെന്റ് ജംഗ്ഷനിലെത്തി ചുറ്റിത്തിരിഞ്ഞ് വരേണ്ട അവസ്ഥയാണ്. കമ്മിഷണർ ഓഫീസ് മേൽപ്പാലം അടച്ചതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ബീച്ച് റോഡിൽ നിന്നു കോളേജ് ജംഗ്ഷൻ ഭാഗത്തേക്ക് പോകാൻ ചിന്നക്കടയിലേക്ക് എത്തുന്നത്. ഇവർ കോൺവെന്റ് ജംഗ്ഷൻ ചുറ്റിത്തിരിയാൻ രണ്ട് കിലോമീറ്ററിലേറെ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ഇത് ചിന്നക്കട മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള റോഡുകളിൽ കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഈ വാഹനങ്ങൾക്ക് ചിന്നക്കട റൗണ്ടിലേക്ക് പ്രവേശനം അനുവദിച്ചാൽ കുരുക്ക് ഒഴിവാകും.
വഴിയുണ്ട്
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓവർബ്രിഡ്ജ് അടച്ചിട്ടും ഒരുതരത്തിലുമുള്ള ഗതാഗത ക്രമീകരണത്തിനും പൊലീസ് തയ്യാറാകുന്നില്ല. ചിന്നക്കട വഴി ചുറ്റിത്തിരിയാൻ അനുമതി ലഭിച്ചാൽ എസ്.എം.പി ഗേറ്റിന് സമീപത്തെ ഗതാഗതത്തിരക്കും ഒഴിവാകും.