കൊല്ലം: പോളയത്തോട്ടിൽ യുവാവിനെ ജീപ്പിടിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ കൂടി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ അബ്ദുൽ ഖാദർ മകൻ നിയാസ് ( 29), കേരളപുരം നാല് മുക്ക് ഹരി നിവാസിൽ ഗോകുൽ (23) എന്നിവരാണ് പിടിയിലായത്. ആക്രമി സംഘത്തിലെ പ്രധാനിയായ അൻസറിനെയും നിഷാദിനെയും കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.
വിവാഹിതയായ സ്ത്രീയുമായി അൻസർ സൗഹൃദം പുലർത്തുന്നത് ചോദ്യം ചെയ്ത മുഹമ്മദ് തസ്ലീക്ക് എന്ന യുവാവാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. യുവാവിനെ ആക്രമിക്കാൻ അൻസർ ഏർപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് കൊളളി നിയാസ് എന്നറിയപ്പെടുന്ന നിയാസ്. ആഡംബര ജീപ്പിലെത്തിയ ആക്രമി സംഘം യുവാവിനെ വീട്ടിന് പുറത്തേ റോഡിലേക്ക് വിളിച്ച് വരുത്തി ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ യുവാവിനെ കമ്പിവടി കൊണ്ടും വടിവാൾ കൊണ്ടും ആക്രമിക്കുകയായിരുന്നു. വടിവാൾ കൊണ്ട് ഇയാളുടെ കഴുത്തിന് പിന്നിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ സലീമിന്റെ കാൽ ഇവർ കമ്പി വടിക്ക് അടിച്ചൊടിക്കുകയും ചെയ്തു. കുണ്ടറ ആലുംമ്മൂട് മാർക്കറ്റിന് സമീപം നിന്നാണ് പ്രതികളെ പിടികൂടിയത്.