bank

 പരീക്ഷകളും നിയമന നടപടികളും റദ്ദാക്കിയേക്കും

തഴവ: ഡ്രൈവർ, പ്യൂൺ അടക്കമുള്ള അഞ്ച് ഒഴിവുകളിലേക്ക് കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് നടത്തിയ എഴുത്ത് പരീക്ഷയ്ക്ക് നിയമസാധുതയില്ല. സഹകരണ വകുപ്പിന്റെ അംഗീകാരമുള്ള സ്വകാര്യ ഏജൻസികളാണ് സഹകരണ ബാങ്കുകൾ നേരിട്ട് നടത്തുന്ന നിയമനത്തിന്റെ പരീക്ഷ നടത്തുന്നത്. എന്നാൽ കുലശേഖരപുരം ബാങ്ക് നിയോഗിച്ച സ്വകാര്യ ഏജൻസിക്ക് പരീക്ഷ നടത്തുമ്പോൾ സഹകരണ വകുപ്പിന്റെ അംഗീകാരം ഇല്ലായിരുന്നു. നേരത്തെ ലഭിച്ച അംഗീകാരത്തിന്റെ കാലാവധി കഴിഞ്ഞ ഈ ഏജൻസിക്ക് അനുമതി പുതുക്കി ലഭിക്കും മുൻപേയാണ് പരീക്ഷ നടത്തിയത്.

കഴിഞ്ഞ ജനുവരി 15 നായിരുന്നു എഴുത്ത് പരീക്ഷ. പ്യൂൺ തസ്തികകളിലേക്ക് 419 പേരും ഡ്രൈവർ തസ്തികയിലേക്ക് 66 പേരുമാണ് പരീക്ഷയിൽ പങ്കെടുത്തത്. 2021 ജനുവരി 20 ന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് സഹകരണ സ്ഥാപനങ്ങളിൽ പരീക്ഷ നടത്താൻ ലൈസൻസ് നേടിയ 36 ഏജൻസികളുടെ അംഗീകാരം ഡിസംബർ 31 വരെയായി പരിമിതപ്പെടുത്തിയിരുന്നു. ഇതിൽ ഉൾപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സർവീസസ് എന്ന സ്ഥാപനമാണ് കുലശേഖരപുരം സർവീസ് സഹകരണ ബാങ്കിൽ പരീക്ഷ നടത്തിയത്. ഇവർക്ക് ബാങ്കിലെ പരീക്ഷ കഴിഞ്ഞ് ജനുവരി 18നാണ് രജിസ്ട്രേഷൻ പുതുക്കി ലഭിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. പരീക്ഷാസമയം ഏജൻസിക്ക് നിയമാനുസൃത യോഗ്യതയില്ലെന്ന് കരുനാഗപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാറുടെ കാര്യാലയം ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്തതായും സൂചനയുണ്ട്.

 പരീക്ഷാഫീസ് തിരികെ നൽകണം

കോഴ വാങ്ങി നിയമനം നടത്തിയെന്ന പരാതിക്കൊപ്പം എഴുത്ത് പരീക്ഷ നടത്തിയ ഏജൻസിക്ക് അംഗീകാരമില്ലെന്ന വിവരം പുറത്ത് വന്നതോടെ ഉദ്യോഗാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. ബാങ്ക് അധികൃതർ തങ്ങളെ വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം.

300 രൂപയായിരുന്നു പരീക്ഷാഫീസ്.

 ഉദ്യോഗാർത്ഥികൾ കോടതിയിൽ

അംഗീകാരമില്ലാത്ത എജൻസിയാണ് കുലശേഖരപുരം ബാങ്കിലെ എഴുത്ത് പരീക്ഷ നടത്തിയതെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയേയും സഹകരണ വകുപ്പിനെയും സമീപിച്ചിട്ടുണ്ട്. അതിനാൽ നിയമനവും എഴുത്ത് പരീക്ഷയും റദ്ദാക്കാൻ സാദ്ധ്യതയുണ്ട്. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

.........................

ബാങ്ക് നടത്തിയ എഴുത്ത് പരീക്ഷ അസാധുവാണെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പരീക്ഷാ നടപടികൾ റദ്ദ് ചെയ്യുന്നതിന് നിയമ പോരാട്ടം തുടരും. പരീക്ഷാ ഫീസ് തിരികെ നൽകാൻ ബാങ്ക് അധികൃതർ തയ്യാറാകണം

രശ്മി, കുമ്പഴ, കുറുങ്ങപ്പള്ളി (ഉദ്യോഗാർത്ഥി)

..............................