 
കൊല്ലം: പുതിയകാവിലമ്മയ്ക്ക് വീട്ടുമുറ്റങ്ങളിൽ പൊങ്കാല അർപ്പിച്ച് നഗരം ആത്മനിർവൃതിയുടെ പുണ്യം നുകർന്നു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിനൊപ്പം നഗരത്തിലെ നൂറ് കണക്കിന് വീടുകളിൽ പൊങ്കാല സമർപ്പണം നടന്നു. പുതിയകാവ് പൊങ്കാലയുടെ ഭാഗമായി നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിലും നിവേദ്യം തയ്യാറാക്കി.
രാവിലെ 10ന് ക്ഷേത്രം വക പണ്ടാര അടുപ്പിൽ മേൽശാന്തി എൻ.ബലമുരളി അഗ്നി പകർന്നതോടെ പുതിയകാവ് ക്ഷേത്ര മുറ്റം ആത്മസമർപ്പണത്തിന്റെ ദിവ്യമുഹൂർത്തത്തിലേക്ക് ഉയർന്നു. വീട്ടുമുറ്റങ്ങളിലെ പൊങ്കാല കലങ്ങളിൽ തളിക്കാനുള്ള തീർത്ഥം നേരത്തെ വിതരണം ചെയ്തിരുന്നു.11.30 ന് വ്രതധാരികളായ ഭക്തന്മാർ പൊങ്കാലസമർപ്പണവും മഞ്ഞനീരാട്ടും നടത്തി. വൈകിട്ട് 5ന് കൊച്ചുപിലാമ്മൂട് മുനീശ്വരസ്വാമി ക്ഷേത്രത്തിൽ നിന്ന് ശക്തികുംഭം എഴുന്നള്ളത്ത് ആരംഭിച്ച് നഗരപ്രദിക്ഷണം നടത്തി രാത്രി 1ന് ക്ഷേത്രത്തിൽ തിരിച്ചെത്തി കുരുതിതർപ്പണവും നടന്നു.
ഇന്നും നാളെയും നട അടച്ചിടുന്ന ക്ഷേത്രം, തിങ്കളാഴ്ച രാവിലെ തുറക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നഗരവഴികളിലെ പൊങ്കാല ഇത്തവണ ഒഴിവാക്കിയത്. അതിന് പകരമായി കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് ഭക്തരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയകാവ് ക്ഷേത്രമുറ്റത്ത് അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്.