port
കൊല്ലം പോർട്ട്‌

കൊല്ലം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ആദ്യ സമ്പൂർണ്ണ ബഡ്ജറ്റിൽ സ്വന്തം തട്ടകമായ കൊല്ലത്തിന് കൈനിറയെ സമ്മാനങ്ങൾ. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അക്കാഡമിക- ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ 7 കോടിയാണ് നീക്കിവച്ചത്. സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്നും ബഡ്ജറ്റ് ഉറപ്പ് നൽകുന്നു.

സർവകലാശാലയിൽ പഠനവസ്തുക്കൾ തയ്യാറാക്കൽ, അക്കാഡമിക് ബ്ളോക്കിന്റെ നവീകരണം, സൈബർ സെന്റർ, പ്രാദേശിക കേന്ദ്രങ്ങൾ, പഠനകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കാനാണ് തുക ചെലവഴിക്കുക. കൊല്ലത്തിന്റെ ദീർഘകാല സ്വപ്നമായ

ഐ.ടി പാർക്കും കൊല്ലം- കുണ്ടറ ഐ.ടി ഇടനാഴിയും ബഡ്ജറ്റിലുണ്ട്. 5 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിലാവും എ.ടി പാർക്ക്. എം.സി റോഡിന്റെയും കൊല്ലം- ചെങ്കോട്ട റോഡിന്റെയും ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. 1500 കോടിയാണ് കിഫ്ബിയിൽ റോഡ് വികസനത്തിനായി മാറ്റി വയ്ക്കുന്നത്. കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി വകയിരുത്തിയിട്ടുണ്ട്.

# കശുഅണ്ടി മേഖലയ്ക്ക് മുൻഗണന

പ്രതിസന്ധിയിലായ കശുഅണ്ടി വ്യവസായത്തെ കരകയറ്റാൻ ആശ്വാസ പദ്ധതികൾ ബഡ്ജറ്റിലുണ്ട്. വ്യവസായം പ്രോത്സാഹിപ്പിക്കാൻ ബാങ്ക് വായ്പകൾക്ക് പലിശ ഇളവിനും മറ്റ് പ്രോത്സാഹന പദ്ധതികൾക്കുമായി 30 കോടി രൂപ നീക്കി വച്ചു. കശുഅണ്ടി ഫാക്ടറി യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് 7 കോടിയും കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെൻ്റ് കോർപ്പറേഷന് 4 കോടിയും കാപ്പക്സിന് 4 കോടിയും അനുവദിച്ചു. കേരള സ്റ്റേറ്റ് ഏജൻസി ഫോർ എക്സ്പാൻഷൻ ഒഫ് കാഷ്യു ബോർഡിന് 40.85 കോടി മാറ്റി വച്ചു. അൾട്രാ ഹൈഡെൻസിറ്റി കശുമാവ് നടീൽ രീതി അവലംബിച്ച് പൈലറ്റ് പ്രോജക്ടുകൾ നടപ്പാക്കാൻ 7 ലക്ഷം ബഡ്ജറ്റിലുണ്ട്.

.........................................

# മറ്റു പ്രഖ്യാപനങ്ങൾ

 കൊട്ടാരക്കര തമ്പുരാന്റെ പേരിൽ കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രത്തിനായി 2 കോടി

 കൊല്ലം തുറമുഖത്തിന്റെ ആഴംകൂട്ടൽ, വാർഫുകൾ ബന്ധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി

 കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം ഗോവ ക്രൂയിസ് ടൂറിസത്തിന് 5 കോടി

 ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി തീർത്ഥാടക ടൂറിസം സർക്യൂട്ട്

 മൺറോതുരുത്തിൽ മാതൃകാ വീടുകൾക്ക് 2 കോടി

 അഷ്ടമുടിക്കായലിന്റെ ശുചീകരണത്തിനായി 10 കോടി

 ശാസ്താംകോട്ട കായൽ ശുചീകരണത്തിന് 2 കോടി

................................................

# മീറ്റർ കമ്പനിയിൽ പൈലറ്റ് പ്രോജക്ട്

ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കിന്റെ പൈലറ്റ് പ്രോജക്ട് കൊല്ലം പള്ളിമുക്ക് മീറ്റർ കമ്പനിയിൽ ആരംഭിക്കും. സ്വകാര്യ സംരംഭകർക്ക് ആവശ്യമായ സാങ്കേതിക സഹായവും സ്ഥല സൗകര്യവും നൽകാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് പാർക്കുകൾ ആരംഭിക്കുക. ഓരോ പാർക്കിലും 25,000 മുതൽ 50,000 വരെ ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളും അടിസ്ഥാന വ്യാവസായിക സൗകര്യങ്ങളുമാണ് ഒരുക്കുക. പാർക്കുകൾക്കായി 200 കോടി രൂപ കിഫ്ബിയുടെ കീഴിൽ കോർപ്പസ് ഫണ്ടായി വകയിരുത്തി.